തിരുവനന്തപുരം|
VISHNU N L|
Last Modified തിങ്കള്‍, 9 നവംബര്‍ 2015 (15:04 IST)
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി പരാമര്‍ശത്തിനു പിന്നാലെ മാണി മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകുമെന്ന് ഉറപ്പായി. മാണി രാജി വയ്ക്കണമെന്ന് കൊണ്‍ഗ്രസ് ഹൈക്കമാഡ് തന്നെ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. അതിനിടെ മാണിയുടെ രാജി ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
നേരത്തെ ബാര്‍ കോഴ വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ മാണി മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കണമെന്ന അഭിപ്രായത്തിലായിരുന്നു ഹൈക്കമാന്‍ഡ്. എന്നാല്‍ മാണിയുടെ രാജി ആവശ്യപ്പെട്ടാല്‍ യുഡിഎഫ് തകരുമെന്ന വാദമുയര്‍ത്തിയായിരുന്നു ഉമ്മന്‍ചാണ്ടി മാണിയെ സംരക്ഷിച്ചിരുന്നത്.
നിലവിലെ സാഹചര്യത്തില്‍ മാണിയെ സംരക്ഷിക്കാന്‍ കഴിയില്ല എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അപമാനിതനായി പുറത്തുപോകേണ്ട ദുരവസ്ഥയാണ് മാണിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. മാണി ഇന്നുതന്നെ രാജിവച്ചേക്കുമെന്നാണ് സൂചന.