അങ്കമാലിയ്ക്ക് സമീപം മഗലാപുരം എക്സ്പ്രസ് പാളം തെറ്റി; ഒഴിവായത് വൻ ദുരന്തം

മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി

കൊച്ചി| aparna shaji| Last Modified ഞായര്‍, 28 ഓഗസ്റ്റ് 2016 (09:52 IST)
അങ്കമാലിക്കു സമീപം കറുകുറ്റിയിൽ തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ് (16347) പാളംതെറ്റി. പുലർച്ചെ രണ്ടിന് ശേഷമാണ് അപകടം നടന്നത്. ട്രെയിനിന്റെ പന്ത്രണ്ടു കോച്ചുകളാണ് പാളംതെറ്റിയത്. ട്രാക്കിന്റെ ഒരു ഭാഗം തെറിച്ചുപോയ നിലയിലാണ്. അപകടത്തിൽ ആർക്കും സാരമായ പരുക്കുകൾ ഇല്ല. നിസാര പരുക്കേറ്റ ഏതാനും പേരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരിച്ചയച്ചു. പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചു.

എസ് 3 മുതൽ എസ് 12 വരെയുള്ള സ്ലീപ്പർകോച്ചുകളും എ 1, ബി 1 കോച്ചുകളുമാണ് പാളംതെറ്റിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാരെ കറുകുറ്റിയിൽനിന്ന് ബസ്സിൽ എറണാകുളത്തും തൃശൂരിലുമെത്തിച്ചു.

തൃശൂർ–എറണാകുളം പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഗതാഗതം സാധാരണ നിലയിലാകാൻ മണിക്കൂറുകൾ എടുത്തേക്കും. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. ചില ട്രെയിനുകൾ റദ്ദാക്കി. ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. അപകടത്തിൽ റെയി‌ൽ‌പാളം പൂർണമായും തകർന്ന നിലയിലാണ്. പല ട്രെയിനുകളും റദ്ദാക്കുകയും ചിലത് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

അപകടത്തെത്തുടർന്ന് എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തും. കൂടാതെ ചാലക്കുടിയിൽനിന്ന് മംഗലാപുരത്തേക്കും പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇ–ടിക്കറ്റ് സംവിധാനം വഴി ടിക്കറ്റെടുത്തവർക്ക് ഓൺലൈൻ വഴി പണം തിരിച്ചു നൽകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :