മാനസയോട് രാഹിലിന് പക; കൊലപ്പെടുത്താന്‍ ഉറപ്പിച്ച് കണ്ണൂരില്‍ നിന്ന് കോതമംഗലത്തേക്ക്

രേണുക വേണു| Last Modified വെള്ളി, 30 ജൂലൈ 2021 (20:09 IST)

മാനസയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് തന്നെയാണ് രാഹില്‍ എത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. കണ്ണൂരില്‍ നിന്ന് കോതമംഗലത്ത് എത്തിയാണ് രാഹില്‍ കൃത്യം നിര്‍വഹിച്ചത്. മാനസയോട് രാഹിലിന് കടുത്ത പകയുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മാനസയും രാഹിലും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തില്‍ വന്ന വിള്ളലുകളാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. രാഹിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്. മാനസ രണ്ടു മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇവ രണ്ടും പൊലീസ് പരിശോധിക്കും.

കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ സുഹൃത്ത് വെടിവെച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാനസയും സുഹൃത്തുക്കളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്താണ് രാഹില്‍ വീട്ടിലേക്ക് കയറിവന്നത്. സംഭവസ്ഥലത്തുവച്ച് തന്നെ മാനസയും രാഹിലും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രണ്ടിടത്താണ് മാനസയ്ക്ക് വെടിയേറ്റത്. നെഞ്ചിലും തലയിലും. ഒരു വെടിയുണ്ട തലയോട്ടിയില്‍ തുളച്ചുകയറി. തലയോട്ടിയില്‍ എന്‍ട്രി മുറിവും, എക്സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി. വെടിയുണ്ട തലയോട്ടിയിലൂടെ തുളച്ചുകയറി പുറത്തേക്ക് പോയിട്ടുണ്ട്. പിന്നീടാണ് നെഞ്ചില്‍ വെടിയേറ്റത്. മാനസ മരിച്ചെന്ന് ഉറപ്പിച്ചതിനു പിന്നാലെ രാഹില്‍ സ്വയം വെടിവയ്ക്കുകയും ചെയ്തു. രക്തത്തില്‍ കുളിച്ച നിലയിലാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, അപ്പോഴേക്കും ഇരുവരും മരിച്ചുകഴിഞ്ഞിരുന്നു.

മാനസയും മൂന്ന് സുഹൃത്തുക്കളും ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ഈ അപ്പാര്‍ട്ട്‌മെന്റിലേക്ക് രാഹില്‍ അപ്രതീക്ഷിതമായി എത്തുകയായിരുന്നു. രാഹിലിനെ കണ്ടതും മാനസ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. രാഹിലിന്റെ അടുത്തേക്ക് വന്നു. എന്തൊക്കെയോ ഇരുവരും സംസാരിക്കാന്‍ തുടങ്ങി. പെട്ടെന്നാണ് മാനസയുടെ കയ്യില്‍ ബലമായി പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയത്. മുറിയിലേക്ക് കൊണ്ടുപോയ ശേഷം വാതില്‍ അടയ്ക്കുകയും ചെയ്തു. ഇവിടെവച്ചാണ് രാഹില്‍ മാനസയെ വെടിവച്ചത്. ശബ്ദം കേട്ട് പുറത്തുനില്‍ക്കുന്ന മാനസയുടെ സുഹൃത്തുക്കള്‍ ഓളിയിടാന്‍ തുടങ്ങി. മാനസയെ വെടിവച്ചതിനു പിന്നാലെ രാഹില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടരെ തുടരെ വെടിയൊച്ച കേട്ടതും അയല്‍ക്കാര്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് ഓടിയെത്തി. വാതില്‍ തുറന്നു അകത്തു കടന്നപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു.

നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനിയായ പി.വി. മാനസ (24) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹിലാണ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ അടുത്തറിയാമെന്നാണ് റിപ്പോര്‍ട്ട്. മാനസയെ കൊലപ്പെടുത്തിയശേഷം രാഹില്‍ സ്വന്തം തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കണ്ണൂരില്‍നിന്ന് എത്തിയാണ് രാഹില്‍ മാനസയെ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :