മലയാള സര്‍വകലാശാലയില്‍ സദാചാര പൊലീസ് ആക്രമണം; വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു

കോഴിക്കോട്‌| VISHNU N L| Last Modified ഞായര്‍, 11 ഒക്‌ടോബര്‍ 2015 (17:32 IST)
തിരൂര്‍ തുഞ്ചത്തെഴുത്തച്‌ഛന്‍ മലയാള സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ സദാചാര ഗുണ്ടായിസം. ഏഴു പെണ്‍കുട്ടികളടക്കം പത്തുപേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തിന്‌ നേരെയാണ്‌ കയ്യേറ്റ ശ്രമമുണ്ടായത്‌. ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളേയാണ് ആളുകള്‍ മര്‍ദ്ദിച്ചത്.

ഇത്‌ ചോദ്യം ചെയ്‌ത വിദ്യാര്‍ത്ഥികളില്‍ ചിലരെ അക്രമികള്‍ മര്‍ദിച്ചതായും ആരോപണമുണ്ട്‌. സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാറിനോട്‌ അനുബന്ധിച്ച്‌ ഒത്തുകൂടിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ജോലി പൂര്‍ത്തിയാക്കി വീടുകളിലേക്ക്‌ മടങ്ങുന്നതിന്‌ ഇടയിലാണ്‌ സംഭവം. പിരിയുംമുമ്പ്‌ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചുനിന്ന്‌ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയില്‍ പ്രദേശവാസികളില്‍ ചിലരെത്തി ഇതൊന്നും ഇവിടെ നടക്കില്ലെന്നുപറഞ്ഞ്‌ വിദ്യാര്‍ത്ഥികളെ തടയുകയായിരുന്നു.

ഇത് വിദ്യാര്‍ഥികളില്‍ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ ആളുകള്‍ എത്തി വിദ്യാര്‍ഥികളെ എതിരിടുകയായിരുന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച്‌ നടക്കരുതെന്നും ഇരിക്കരുതെന്നും പറഞ്ഞ്‌ ഇവരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :