മലപ്പുറത്ത് ഓപ്പറേഷൻ ട്രിപ്പിൾ റൈഡർ : 150 വാഹനങ്ങൾക്കെതിരെ നടപടി
എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 15 ഡിസംബര്‍ 2023 (18:14 IST)
മലപ്പുറം: പോലീസും എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് സ്‌ക്വാഡും ചേർന്ന് നടത്തിയ ഓപ്പറേഷൻ ട്രിപ്പിൾ റൈഡറിൽ 150 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഓ., ജില്ലാ പോലീസ് മേധാവി എന്നിവരുടെ നിർദ്ദേശത്തെ തുടർന്നാണ് ട്രിപ്പിൾ റൈഡിംഗ്, ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനം ഓടിക്കൽ, ഇൻഷ്വറൻസ്, ഫിറ്റ്നസ് എന്നിവ ഇല്ലാതെയും വാഹന യാത്ര തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെയാണ് കേസെടുത്തത്.
ഒട്ടാകെ 1.75 ലക്ഷം രൂപ പിഴയും ചുമത്തി. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഓ പി.എ.നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
ജില്ലയിൽ പ്രായപൂർത്തി ആകാത്ത കുട്ടികൾ വാഹനം ഒട്ടിക്കുന്നതു കൂടുതലെന്നും കണ്ടെത്തിയിട്ടുണ്ട്. അത്തരം കേസുകളിൽ മോട്ടോർ വാഹന നിയമം വകുപ്പ് 199 എ പ്രകാരം ശക്തമായ നടപടി സ്വീകരിക്കും എന്നും അധികാരികൾ അറിയിച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടിയും സ്വീകരിക്കും.