അറിയിപ്പ്: സംസ്ഥാനത്ത് ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

റേഷന്‍ കടകള്‍ക്കും ഇന്ന് അവധിയാണ്

രേണുക വേണു| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2024 (08:02 IST)

സംസ്ഥാനത്ത് പൊതു അവധിയായതിനാല്‍ നാഷണലൈസ്ഡ് ബാങ്കുകള്‍ അടക്കം ഇന്ന് പ്രവൃത്തിക്കില്ല. എല്ലാ ബാങ്കുകള്‍ക്കും ഇന്നത്തെ അവധി ബാധകമാണ്. നാളെ രണ്ടാം ശനി, മറ്റന്നാള്‍ ഞായര്‍ ആയതിനാല്‍ ഇന്നുമുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്കുകള്‍ക്ക് അവധിയാണ്.

റേഷന്‍ കടകള്‍ക്കും ഇന്ന് അവധിയാണ്. കഴിഞ്ഞ ഒരു മാസക്കാലം മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്റിങ് നടപടികളുമായി റേഷന്‍കട ലൈസന്‍സികള്‍ സഹകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ പൊതു അവധി റേഷന്‍ കടകള്‍ക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. റേഷന്‍കടകളുടെ അടുത്ത പ്രവൃത്തിദിനം ഒക്ടോബര്‍ 14 തിങ്കളാഴ്ചയായിരിക്കും.

സംസ്ഥാനത്തെ സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള സഹകരണ ബാങ്കുകള്‍ക്ക് അവധി ബാധകമാണ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പി.എസ്.സി ഇന്ന് നിശ്ചയിച്ചിരിക്കുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :