എം‌വി‌ആര്‍ എന്ന കമ്യൂണിസ്റ്റ്

കണ്ണൂര്‍| VISHNU.NL| Last Modified ഞായര്‍, 9 നവം‌ബര്‍ 2014 (11:02 IST)
കേരള രാഷ്ട്രീയത്തിന് ഇന്ന് ഒരു അതികായനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവ ബഹുലവും കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ എഴുതപ്പെട്ടതുമായ ഒരു വ്യക്തിത്വം. എതിരാളികളും അനുകൂലികളും ബഹുമാനത്തോടെ എം വി ആര്‍ എന്ന് വിളിക്കുന്ന എം വി രാഘവന്‍. കേരളത്തിലെ കമ്യൂണിസത്തിന്റെ കുത്തകയുള്ള സിപി‌എമ്മിനൊപ്പം നിന്നവനും പിന്നീട് അവര്‍ക്ക് വെറുക്കപെട്ടവനുമായ എം‌വി‌ആര്‍. വിശേഷണങ്ങള്‍ അധികമുണ്ട് ഇദ്ദേഹത്തിന്. എന്തു തന്നെയായാലും കേരളത്തിലെ എക്കാലത്തെയും തലയെടുപ്പുളള കമ്യൂണിസ്റ്റുകാരനായിരുന്നു എം‌വി‌ആര്‍ എന്നത് ആരും നിഷേധിക്കുന്നുമില്ല.

നേതൃപാടവത്തിന്റെയും നിശ്ചയ ദാര്‍ഡ്യത്തിന്റെയും ജ്വലിക്കുന്ന എടായാണ് എംവിആര്‍ എന്ന മൂന്നക്ഷരങ്ങളെ കേരളത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രം അടയാളപ്പെടുത്തുക. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ മേലത്ത് വീട് ശങ്കരന്‍ നമ്പ്യാരുടെയും തമ്പായിയുടെയും മകനായി 1933 മേയ് അഞ്ചിനാണ് രാഘവന്‍ ജനിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം എല്‍പി സ്കൂളില്‍ പഠനം നിര്‍ത്തി നെയ്ത്തു തൊഴിലാളിയായി. പി കൃഷ്ണപിള്ളയും എകെജിയും ആവേശിച്ച ചെറുപ്പകാലം അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിച്ചു.

അവിടെനിന്ന് എം‌വി‌ആര്‍ എന്ന രാഷ്ട്രീയക്കാരന്‍ ജനിക്കുകയായിരുന്നു. പിന്നീട് മലബാര്‍ എന്നാല്‍ കമ്യൂണിസ്റ്റ് സഖാക്കള്‍ക്ക് എം‌വി‌ആര്‍ എന്ന മൂന്നക്ഷരം കൊണ്ട് ഓര്‍മ്മിക്കപ്പെടാനുള്ള സ്ഥലമായി മാറി എന്ന നിലയിലേക്ക് എം‌വി‌ രാഘവന്‍ ഉയര്‍ന്നത് കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഉറച്ച പ്രായോഗികവല്‍ക്കരണത്തിലൂടെയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചതിനെത്തുടര്‍ന്നു നേതാക്കള്‍ ഒളിവില്‍ പോയപ്പോള്‍ പതിനഞ്ചാം വയസില്‍ ബ്രാഞ്ചിനെ നയിച്ചു. പിന്നീടങ്ങോട്ട് എംവി‌ആര്‍ എന്ന രാഷ്ട്രീയക്കാരന്റെ വളര്‍ച്ച വളരെ വേഗമായിരുന്നു.

പാപ്പിനിശേരിയിലെ കൈത്തറിത്തൊഴിലാളിയായി തുടങ്ങി കഠിനാധ്വാനത്തിലൂടെ നേതൃത്വത്തിലേക്കു
വളര്‍ന്ന രാഘവന്‍ കണ്ണൂരില്‍ സിപിഎമ്മിന്റെ വളര്‍ച്ചയില്‍ നിര്‍ണായക
നേതൃത്വം നല്‍കി.
1964ല്‍ സിപിഐ പിളര്‍ന്നു സിപിഎം രൂപം കൊണ്ടപ്പോള്‍ സിപിഎമ്മിലായി. 1964 മുതല്‍ ഒന്നരപതിറ്റാണ്ടിലേറെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി.
1967 ല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. 1970 ലാണ് ആദ്യ നിയമസഭാ മല്‍സരം -
അന്നത്തെ മാടായി മണ്ഡലത്തില്‍
നിന്നു ജയിച്ചു. 1977 ല്‍ തളിപ്പറമ്പിലും 1980ല്‍ കൂത്തുപറമ്പിലും 1982 ല്‍ പയ്യന്നൂരിലും സിപിഎം സ്ഥാനാര്‍ഥിയായി
ജയം.

നക്സലിസത്തില്‍ നിന്ന് യുവാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിനായി അക്കാലത്ത് സിപി‌എമ്മിന് വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന് എം‌വി‌ആര്‍ എന്ന ഒരേ ഒരു നേതാവു മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഹയാത്രികനായ വര്‍ഗീസ് നക്സലിസത്തിലേക്ക് വഴിമാറിയപ്പോഴും പാര്‍ട്ടിക്കൊപ്പം രാഘവന്‍ അചഞ്ചലനായി നിലകൊണ്ടു. നകസലിസത്തിനെതിരായ നിലപാടുകള്‍ പ്രകടിപ്പിച്ചിരുന്നപ്പൊഴും നക്സല്‍ വര്‍ഗീസിനെ പൊലീസ് വെടിവച്ചു കൊന്നതിനെതിരെ പ്രക്ഷോഭനിരകളില്‍ എംവിആര്‍ സജീവമായിരുന്നുവെന്നതും ചരിത്രം.

കണ്ണുരില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക സ്വാധീനം നലകിയിട്ടുപോലും പാര്‍ട്ടി നേതൃത്വവുമായി എം‌വി‌ആറിന് കലഹിക്കേണ്ടി വന്നു. സാക്ഷാല്‍ ഇഎംഎസുമായി കൊമ്പുകോര്‍ക്കുകയും ബദല്‍രേഖ അവതരിപ്പിക്കുന്നതിനു നേതൃത്വം നല്‍കുകയും ചെയ്തതോടെ എംവിആര്‍ സിപി‌എമ്മിന് അനഭിമതനായി. ഇഎംഎസിന്റെ അനിഷ്ടവും ബദല്‍രേഖയും 1986 ജൂണ്‍ 23 ന് എംവിആറിനെയും കൂട്ടരെയും പാര്‍ട്ടിക്കു പുറത്തെത്തിച്ചു. സിപിഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസ് ആണെന്നും കോണ്‍ഗ്രസിനെതിരെ മുസ്ലിംലീഗുമായും കേരള കോണ്‍ഗ്രസുമായും തിരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു
ബദല്‍രേഖ.

കഷ്ടിച്ച് ഒരു മാസം പിന്നിട്ടതിനു പിന്നാലെ, ജൂലൈ 27 ന് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സിഎംപി)രൂപീകരിച്ചാണ് എംവിആര്‍ തോല്‍ക്കാന്‍ മനസില്ലാത്ത കമ്യൂണിസ്റ്റുകാരന്റെ നിശ്ചയദാര്‍ഡ്യം പ്രകടിപ്പിച്ചത്. എന്നാല്‍ സി‌പി‌എം അടങ്ങിയിരുന്നില്ല. സിഎംപി രൂപീകരിച്ച ശേഷം 1987 ല്‍ അഴീക്കോട്ട്
ശിഷ്യന്‍ കൂടിയായ ഇപി ജയരാജനെ തോല്‍പിച്ചു നിയമസഭയിലെത്തിയതൊടെ സി‌പി‌എം നേതൃത്വം ഞെട്ടുക തന്നെ ചെയ്തു.


1991 ല്‍ കഴക്കൂട്ടത്തു നിന്ന ജയിച്ച് മന്ത്രിയായി. 1996 ല്‍ ആറന്മുളയില്‍ കടമ്മനിട്ട രാമകൃഷ്ണനോടു
ആദ്യപരാജയം. തിരുവനന്തപുരം ഈസ്റ്റില്‍ നിന്ന് 2001 ല്‍ ജയിച്ച് വീണ്ടും മന്ത്രിയായി. 2006 ല്‍ പുനലൂരിലൂം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍
നെന്മാറയിലും പരാജയപ്പെട്ടു. പത്തു തിരഞ്ഞെടുപ്പുകളുടെ കണക്കുപട്ടികയില്‍ ഏഴു ജയം, മൂന്നു തോല്‍വി. 1991ലെ കെ. കരുണാകരന്‍ മന്ത്രിസഭയിലും 1995 - 96ലെ എ.കെ. ആന്റണി മന്ത്രിസഭയിലും സഹകരണ മന്ത്രിയായും 2001 ലെഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സഹകരണ, തുറമുഖ മന്ത്രി എന്നീ നിലകളിലും എംവിആര്‍ പ്രവര്‍ത്തിച്ചു.

എം‌വി‌ആര്‍ എന്ന രാഷ്ട്രീയക്കാരന്‍ ഏറ്റവുമധികം പഴികേട്ട ജീവിതത്തിലെ തീരാക്കളങ്കമായ കൂത്തുപറമ്പ് വെടിവയ്പ്പ് ആണ് അദ്ദേഹം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. സിപി‌എമ്മിലായിരുന്നപ്പോഴും പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നപ്പൊഴും അദ്ദേഹം ആരേയും ഭയന്നിരുന്നില്ല. കൂത്തുപറമ്പ് വെടിവയ്പ്പ്, പാപ്പിനിശേരി സ്നേക് പാര്‍ക്ക് കത്തിച്ച സംഭവം എന്നിവയില്‍ എംവിആറിനോടുളള സിപിഎം വിദ്വേഷവും മറനീക്കി. നേരിട്ടും അല്ലാതെയുമുള്ള അക്രമണങ്ങളുണ്ടായി. എന്നിട്ടും എംവി‌ആര്‍ നിലനിന്നു.

ഇടതു വിട്ട് വലതു മുന്നണിയിലേക്കു ചേക്കേറിയ എംവിആര്‍ മരണം വരെ യുഡിഎഫില്‍ തുടര്‍ന്നു. എന്നാല്‍ അവസാന കലത്ത് യു‌ഡി‌എഫ് നേതൃത്വവുമായി അല്‍പ്പം ഇടഞ്ഞു എന്നതൊഴിച്ചാല്‍ മുന്നണി മര്യാദകള്‍ ലംഘിക്കുന്ന നടപടികളൊന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല എന്നത് രാഷ്ട്രീയത്തിലെ എം‌വി‌ആറിന്റെ നിലപാടുകള്‍ക്ക് വ്യത്യസ്തത നല്‍കി. പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലെ സി‌പി‌എം ഭരണ സമിതിയെ പുറത്താക്കണമെന്ന ആവശ്യത്തേ ചൊല്ലിയാണ് എം‌വി‌ആരും യുഡി‌എഫ് നേതൃത്വവും ഇടഞ്ഞത്,

എം‌വിആര്‍ തന്നെ മുന്‍‌കയ്യെടുത്ത് സ്ഥാപിച്ച പരിയാരം മെഡിക്കല്‍ കോളേജില്‍ തന്നെ അദ്ദേഹത്തിന്റെ അന്ത്യവും സംഭവിച്ചു എന്നത് യാദൃശ്ചികമായി. സംസ്ഥാന രാഷ്ട്രീയത്തില്‍ എംവിആര്‍ ഇല്ലാത്ത സിഎംപിയുടെ തുടര്‍യാത്രയാവാം ഇനി ചര്‍ച്ചാവിഷയം. ആന്തരിക സംഘര്‍ഷങ്ങള്‍ക്കൊണ്ട് പാര്‍ട്ടി തകര്‍ച്ചയുടെ വക്കിലാണ്. എന്നാല്‍ രോഗബാധിതനായതൊടെ ത്ന്റെ ജീവിതവും അധ്വാനവും കൊണ്ട് പടുത്തുയര്‍ത്തിയ പാര്‍ട്ടി തകര്‍ച്ചയിലേക്ക് നീങ്ങുന്ന യാഥാര്‍ഥ്യം തിരിച്ചറിയാനുള്ള ഓര്‍മ്മ അദ്ദേഹത്തിനില്ലായിരുന്നു എന്നത് വിധി എം‌വി‌ആറിനു നല്‍കിയ കാരുണ്യമായി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :