കേരളത്തിലെ സര്‍ക്കാര്‍ മാത്രമെ മാറിയിട്ടുള്ളു, പൊലീസും സര്‍ക്കാര്‍ ജീവനക്കാരും മാറിയിട്ടില്ല: എം സ്വരാജ്

സര്‍ക്കാരെ മാറിയിട്ടുള്ളു, പൊലീസും ജീവനക്കാരും മാറിയിട്ടില്ലെന്ന് എം സ്വരാജ്

കൊച്ചി| സജിത്ത്| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2016 (11:43 IST)
മഹാരാജാസ് കോളേജ് ക്യാംപസില്‍ കവിതയെഴുതി പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ജയിലില്‍ അടച്ചതിനോട് തനിക്ക് യോജിപ്പില്ലെന്ന് എംഎല്‍എ എം സ്വരാജ്. കോളേജ് ക്യാംപസില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും അശ്ലീലം പടര്‍ത്തുന്നതുമായ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെടുക എന്നതല്ല ഒരു നല്ല പ്രിന്‍സിപ്പാള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ തോതിലുള്ള മനുഷ്യാവകാശ വിരുദ്ധതയാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്നതെന്ന പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ മാത്രമെ മാറിയിട്ടുള്ളു, പൊലീസും സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാരുമൊന്നും മാറിയിട്ടില്ലെന്ന കാര്യം ഓരോരുത്തരും മനസ്സിലാക്കണമെന്നും ഒരു ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സ്വരാജ് കൂട്ടിച്ചേര്‍ത്തു.

പൊലീസിന്റെ ഭാഗത്തു നിന്ന തെറ്റായ നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് അതില്‍ നിന്നും പൊലീസിനെ തിരുത്തിപ്പിക്കും. ചുവരെഴുത്ത് നടത്തിയതിന്റെ പേരില്‍ കുട്ടികളെ ജയിലില്‍ അടക്കണമെന്ന നയമൊന്നും ഈ സര്‍ക്കാരിനില്ല. കോളേജ് പ്രിന്‍സിപ്പള്‍ ഇവര്‍ക്കെതിരെ പിഡിപിപി കേസ് കൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :