മോഷ്ടിച്ച ലോട്ടറി ടിക്കറ്റിന് സമ്മാനം; കള്ളനെ പരീക്ഷിച്ച് ഭാഗ്യദേവത

പൗര്‍ണമി ഭാഗ്യക്കുറിയുടെ 3329 എന്ന നമ്പറിനാണ് 5000 രൂപയുടെ സമ്മാനം ലഭിച്ചത്.

Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (07:56 IST)
ലോട്ടറി വില്‍പ്പനക്കാരനായ വയോധികന്റെ ബാഗും മോഷ്ടിച്ച കള്ളന്‍ ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിട്ടുണ്ടാവില്ല. ബാഗിലെ കാശായിരുന്നു ലക്ഷ്യം. എന്നാല്‍ മോഷ്ടിച്ച ലോട്ടറിക്ക് സമ്മാനം നല്‍കിയാണ് ഭാഗ്യദേവതയുടെ പരീക്ഷണം. മോഷ്ടിച്ച സാധനങ്ങളുടെ കൂടെയുള്ള ലോട്ടറിക്കാണ് സമ്മാനം അടിച്ചത്. പൗര്‍ണമി ഭാഗ്യക്കുറിയുടെ 3329 എന്ന നമ്പറിനാണ് 5000 രൂപയുടെ സമ്മാനം ലഭിച്ചത്.

വടക്കഞ്ചേരി കനറാ ബാങ്കിന്റ എതിര്‍വശത്ത് ലോട്ടറി വില്‍ക്കുന്ന അറുപത്തിയഞ്ചുകാരന്‍ കണ്ണമ്പ്ര സ്വദേശി മജീദിന്റെ മൊബൈല്‍ ഫോണും, ലോട്ടറി സൂക്ഷിച്ച പണമടങ്ങിയ ബാഗുമാണ് കവര്‍ന്നത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് മോഷണം നടന്നത്. ലോട്ടറി വില്‍പനക്കാരന്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ പരിസരം നിരീക്ഷിച്ച മോഷ്ടാവ് ബാഗുമായി കടന്നുകളയുകയായിരുന്നു.

മോഷ്ടാവിന്റെ ദൃശ്യം തൊട്ടടുത്ത സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് ദൃശ്യത്തിലുള്ളത്. വടക്കഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :