Exclusive: അവിടെ തന്നെ ശ്രദ്ധിക്കൂ, ഇത്തവണ തൃശൂര്‍ എടുക്കണം; സുരേഷ് ഗോപിയോട് ബിജെപി നേതൃത്വം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം കൂടിയാണ് ഇനി ശേഷിക്കുന്നത്

രേണുക വേണു| Last Modified ശനി, 18 മാര്‍ച്ച് 2023 (10:39 IST)

Suresh Gopi: തൃശൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാന്‍ സുരേഷ് ഗോപിക്ക് ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിക്കണമെന്നും ഇത്തവണ ബിജെപിക്ക് വേണ്ടി തൃശൂര്‍ സീറ്റ് സ്വന്തമാക്കണമെന്നും സുരേഷ് ഗോപിയെ പാര്‍ട്ടി ദേശീയ, സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. തൃശൂരില്‍ മത്സരിക്കാന്‍ വേറൊരു പേര് പരിഗണിക്കുകയേ വേണ്ട എന്നാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം കൂടിയാണ് ഇനി ശേഷിക്കുന്നത്. അത്രയും നാള്‍ തൃശൂര്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ദേശീയ നേതൃത്വം സുരേഷ് ഗോപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരേഷ് ഗോപിക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ സംസ്ഥാന നേതൃത്വം ചെയ്തുകൊടുക്കണം. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കണമെന്ന നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്. ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ ഒന്നടങ്കം അത് അംഗീകരിക്കുകയായിരുന്നു. സുരേഷ് ഗോപി മത്സരിച്ചാല്‍ കേരളത്തില്‍ ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമാണ് തൃശൂര്‍ എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി തൃശൂര്‍ നേതൃത്വം പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്ക് വേണ്ടിയുള്ള പിആര്‍ പ്രവര്‍ത്തനങ്ങള്‍ അടക്കം കാര്യക്ഷമമാക്കാനാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ക്രൈസ്തവ വോട്ടര്‍മാര്‍ക്കിടയില്‍ സുരേഷ് ഗോപിക്കുള്ള സ്വാധീനം മുതലെടുക്കണമെന്നും സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂരില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിയും സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സുരേഷ് ഗോപിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളും തൃശൂരില്‍ ആരംഭിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് സുരേഷ് ഗോപി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :