ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കള്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 ഏപ്രില്‍ 2024 (16:47 IST)
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 03 വരെയുള്ള കണക്കാണിത്.

മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, മറ്റ് ലഹരി വസ്തുക്കള്‍, സ്വര്‍ണമടക്കമുള്ള അമൂല്യലോഹങ്ങള്‍, സൗജന്യവിതരണത്തിനുള്ള വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്. സംസ്ഥാന പൊലീസ്, ആദായനികുതി വകുപ്പ്, എക്‌സൈസ് വകുപ്പ്, എസ്.ജി.എസ്.ടി വിഭാഗം, ഡയറക്ടേറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, മറ്റ് ഏജന്‍സികള്‍ എന്നിവ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വസ്തുക്കള്‍ പിടിച്ചെടുത്തത്.

രേഖകളില്ലാതെ കൊണ്ടുപോയ 6.67കോടി രൂപ, ഒരു കോടി രൂപ മൂല്യമുള്ള 28,867
ലിറ്റര്‍ മദ്യം, 6.13 കോടി രൂപ മൂല്യമുള്ള 2,33,723 ഗ്രാം മയക്കുമരുന്നുകള്‍, 14.91 കോടി രൂപ മൂല്യമുള്ള അമൂല്യ ലോഹങ്ങള്‍, 4.58 കോടി രൂപ മൂല്യമുളള സൗജന്യവസ്തുക്കള്‍ എന്നിവയാണ് വിവിധ ഏജന്‍സികള്‍ പരിശോധനകളില്‍ പിടിച്ചെടുത്തത്. റവന്യു ഇന്റലിജന്‍സ് വിഭാഗം 9.14 കോടി രൂപയുടെ വസ്തുക്കളും പൊലീസ് 8.89 കോടിരൂപ മൂല്യമുള്ള വസ്തുക്കളും എക്‌സൈസ് വകുപ്പ് 7.11 കോടിയുടെ വസ്തുക്കളുമാണ് ഇതുവരെ പിടിച്ചെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :