നെല്‍വിന്‍ വില്‍സണ്‍|
Last Modified ചൊവ്വ, 25 മെയ് 2021 (11:29 IST)
ലോക്ക്ഡൗണ്‍ ആയതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ പുറത്തിറങ്ങാന്‍ സാധിക്കൂ. സത്യവാങ്മൂലത്തില്‍ എന്ത് കാര്യത്തിനാണ് പുറത്തിറങ്ങുന്നതെന്ന് പൊലീസിനെ അറിയിക്കണം. എന്നാല്‍, എത്ര അത്യാവശ്യ കാര്യമാണെങ്കിലും പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളും അറുപത് വയസ് കഴിഞ്ഞവരും യാത്ര ചെയ്യാന്‍ പാടില്ല. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരാണ് ഈ പ്രായക്കാര്‍.
അറുപത് കഴിഞ്ഞ ചിലര്‍ പൊലീസിനെ പറ്റിച്ച് ലോക്ക്ഡൗണില്‍ യാത്ര ചെയ്യുന്നത് ഇലക്ഷന്‍ ഐ.ഡി.കാര്‍ഡ് ഉപയോഗിച്ചാണ്. യഥാര്‍ഥത്തില്‍ അറുപത് വയസ് കഴിഞ്ഞവരാണെങ്കിലും തിരഞ്ഞെടുപ്പ് ഐ.ഡി.കാര്‍ഡില്‍ മൂന്നും നാലും വയസ് കുറവാണ് കാണിച്ചിരിക്കുന്നത്. ഐ.ഡി.കാര്‍ഡ് നോക്കുമ്പോള്‍ അറുപത് വയസിനു കുറവായിരിക്കും പൊലീസ് കാണുക. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മിക്ക ഇലക്ഷന്‍ ഐ.ഡി.കാര്‍ഡുകളിലും യഥാര്‍ഥ പ്രായത്തേക്കാള്‍ കുറവാണ് കാണിക്കുക. കഴിഞ്ഞ ദിവസം ഇങ്ങനെയൊരു അറുപതുകാരന്‍ ട്രാപ്പിലായി. ഒറ്റനോട്ടത്തില്‍ അറുപത് വയസ് കഴിഞ്ഞ വ്യക്തിയാണെന്ന് തോന്നിപ്പിക്കുന്ന ഒരു വൃദ്ധന്‍ പൊലീസിനടുത്തെത്തി. പ്രായമായവര്‍ ഇങ്ങനെ ഇറങ്ങി നടക്കരുതെന്നായി പൊലീസ്. ഉടനെ മറുപടിയെത്തി. 'കണ്ടാല്‍ പ്രായം തോന്നുമെന്നേയുള്ളൂ, എനിക്ക് അത്ര വയസൊന്നും ഇല്ല സാറേ..,' എന്നുപറഞ്ഞ ഇയാള്‍ ഇലക്ഷന്‍ ഐ.ഡി.കാര്‍ഡ് ആണ് പൊലീസിനെ കാണിച്ചത്. ഇതില്‍ പ്രായം അറുപതിന് താഴെയായിരുന്നു. എന്നാല്‍, കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ക്ക് 60 വയസ് കഴിഞ്ഞിട്ടുണ്ടെന്നും ഐ.ഡി.കാര്‍ഡില്‍ പ്രായം കുറവായതുകൊണ്ട് പൊലീസിനെ കാണിക്കാന്‍ അതും പോക്കറ്റില്‍വച്ച് നടക്കുകയാണെന്നും മനസിലായത്. ഒരുവിധം കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിപ്പിച്ചാണ് പൊലീസ് ഇയാളെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്.