കൊച്ചി/തിരുവനന്തപുരം|
VISHNU N L|
Last Modified വെള്ളി, 6 നവംബര്‍ 2015 (12:45 IST)
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം, എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മറ്റികളില്‍ പൊട്ടിത്തെറി. പരസ്യ പ്രസ്താവനകളുമായി ജില്ലയിലെ കൊണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മത്രം ബാക്കി നില്‍ക്കേ പരസ്യപ്രസ്താവനകള്‍ നടത്തിയ നേതാക്കള്‍ക്ക് അച്ചടക്ക മുന്നറിയിപ്പുമായി ഒടുവില്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ തന്നെ രംഗത്ത് വരേണ്ടിവന്നു.
കൊച്ചിയില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കുറയുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്നും ആരോപിച്ച് ജി.സി.ഡി.എ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എന്‍.വേണുഗോപാലാണ് ആരോപണങ്ങള്‍ക്ക് തിരികൊളുത്തിയത്. തൊട്ടുപിറകേ തിരുവനന്തപുരത്ത് പത്തുസീറ്റ് കുറയുമെന്നും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നും
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മഹേശ്വരന്‍ നായരും പ്രസ്താവിച്ചു.
കൊച്ചി കോര്‍പ്പറേഷനില്‍ എട്ട് സീറ്റെങ്കിലും കുറയുമെന്നും ക്രിസ്ത്യാനികള്‍ക്ക് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നല്‍കിയെന്നും എന്‍.വേണുഗോപാല്‍ ആരോപിച്ചിരുന്നു.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പാളിച്ചയുണ്ടായതും കോണ്‍ഗ്രസുകാര്‍ വിമതരെ സഹായിച്ചതും തിരിച്ചടിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ഭൂരിപക്ഷം നേടിയാല്‍ കൊച്ചി മേയര്‍സ്ഥാനം ലത്തീന്‍ സഭയ്ക്ക് തന്നെയാണെന്നും വേണുഗോപാല്‍ പറഞ്ഞു. പ്രചാരണത്തില്‍ പാളിച്ച ഉണ്ടായതായി ലാലി ജെയിംസും അഭിപ്രായപ്പെപ്പെട്ടിരുന്നു.
എന്നാല്‍ എന്‍.വേണുഗോപാലിന്റെ ആരോപണങ്ങളെ ഡി.സി.സി തള്ളി. ഏകോപനത്തില്‍ പാളിച്ച ഉണ്ടായില്ലെന്നും ഒരു സമുദായത്തിന് സീറ്റ് നല്‍കി എന്ന വേണുഗോപാലിന്റെ ആരോപണം തെറ്റാണെന്നും ഡി.സി.സി പ്രസിഡന്റ് വി.ജെ.പൗലോസ് പറഞ്ഞു.
വേണുഗോപാലിനെ എതിര്‍ത്ത് ടോണി ചമ്മണിയും രംഗത്തെത്തി. വേണുഗോപാല്‍ ഉള്‍പ്പെട്ട് സമിതിയാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനമെടുത്തതെന്നും കെ.പി.സി.സി അംഗീകരിച്ച ശേഷമാണ് പട്ടികപുറത്തുവിട്ടതെന്നും ടോണി ചമ്മിണി പറഞ്ഞു.
സാമുദായിക പരിഗണന നോക്കിയല്ല സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്. എതിര്‍പ്പുണ്ടെങ്കില്‍ പാര്‍ട്ടി ഫോറത്തില്‍ പറയണം. മേയര്‍ സ്ഥാനം ഒരു സമുദായത്തിന് വേണ്ടിയും പ്രത്യേകം സംവരണം ചെയ്തിട്ടില്ലെന്നും സമുദായികാംഗമായതുകൊണ്ടല്ല താന്‍ മേയറായതെന്നും ടോണി പറഞ്ഞു. തൊട്ടുപിന്നാലെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന സൗമിനി ജെയിനും വേണുഗോപാലിനെതിരെ രംഗത്തുവന്നു.
ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കണ്ടപ്പോളാണ് സുധീരന്‍ വിഷയത്തില്‍ ഇടപെടുന്നത്. നേതാക്കള്‍ പരസ്യവിമര്‍ശനം തുടരുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് സുധീരന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ പ്രവര്‍ത്തകരെ നിരാശരാക്കുമെന്നും അഭിപ്രായങ്ങള്‍ കെ.പി.സി.സി യോഗത്തിലാണ് പറയേണ്ടതെന്നും വി.എം.സുധീരന്‍ നേതാക്കളെ ഓര്‍മിപ്പിച്ചു.