പണമില്ല; ലൈറ്റ് മെട്രോ ഉപേക്ഷിച്ചേക്കും

തിരുവനന്തപുരം| VISHNU N L| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (08:25 IST)
സംസ്ഥാനത്ത് വികസന കുതിപ്പുണ്ടാക്കുമെന്ന് പറഞ്ഞ് യുഡി‌എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈറ്റ് മെട്രോ ഉപേക്ഷിച്ചേക്കുമെന്ന് സൂചന. പദ്ധതിയുടെ നിര്‍മാണകരാര്‍, സാമ്പത്തിക സ്രോതസ്സ് കണ്ടത്തെല്‍ എന്നിവയില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ നീട്ടിക്കൊണ്ടുപോയി അവസാനിപ്പിക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.

തലസ്ഥാനത്തും കോഴിക്കോട്ടും നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ദതിയില്‍ ബന്ധപ്പെട്ട ജില്ലകളിലെ ജനപ്രതിനിധികള്‍ അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍, മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. ഇത് പദ്ധതി ഉപേക്ഷിക്കുന്നതിനുള്ള തെളിവാണ്. എന്നാല്‍ പദ്ധതി ഉപേക്ഷിച്ചാല്‍ അത് തിരിച്ചടിയാകുമെന്നതിനാല്‍ കേന്ദ്ര പരിഗണനയിലാണെന്ന് വരുത്തി തീര്‍ക്കാനാണ്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

ഇതിന്റെ ഭാഗമായാണ് കേന്ദ്രാനുമതി തേടി സര്‍ക്കാര്‍ കത്തയച്ചത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കാലത്ത് ഇതുയര്‍ത്തിയാകും ആരോപണങ്ങളെ സര്‍ക്കാര്‍ നേരിടുക. ഇതിനുമുന്നോടിയായി, പുതുക്കിയ പദ്ധതിരേഖക്ക് (ഡി.പി.ആര്‍) അടുത്ത മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കും. സാമ്പത്തിക സ്രോതസ്സ്, നിര്‍മാണകരാര്‍ തുടങ്ങിയവയില്‍ വ്യക്തത വരുത്തിയ ഡി.പി.ആര്‍ ആകും അംഗീകരിക്കുക.

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ പ്രതിനിധിസംഘം കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യനായിഡുവിനെ കാണാനും ആലോചിക്കുന്നുണ്ട്. പിന്നെല്ലാം കേന്ദ്രത്തിന്‍െറ ഉത്തരവാദിത്തത്തിലാക്കി കാലാവധി കഴിക്കാനാകും ശ്രമം. തേസമയം പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :