ശ്രീനു എസ്|
Last Updated:
ചൊവ്വ, 30 ജൂണ്‍ 2020 (12:21 IST)
ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്ന ടിക് ടോക്ക്, ഷെയര്‍ ചാറ്റ്, എക്‌സെന്റര്‍ അടക്കം 59ചൈനീസ് ആപ്പുകളാണ് സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. ഇതില്‍ പലതും നമുക്ക് ഫോണില്‍ നിന്ന് മാറ്റാന്‍ ബുദ്ധിമുട്ടുള്ളതുമാണ്. കാരണം അത്രയേറെ ഇതുമായി നമ്മുടെ ദൈന്യന്തര കാര്യങ്ങള്‍ ബന്ധപ്പെട്ടുകിടക്കുന്നു.
എന്നാല്‍ നിരോധിക്കപ്പെട്ട ഈ ആപ്പുകള്‍ക്കു പകരം ഇന്ത്യന്‍ ആപ്പുകള്‍ ഉണ്ടെന്ന കാര്യം അറിഞ്ഞിരിക്കണം. ടിക് ടോക്കിന്റെ നിരോധനമായിരിക്കും പല ചെറുപ്പക്കാരെയും വിഷമത്തിലാക്കിയിട്ടുണ്ടാവുക. എന്നാല്‍ ഇതിനു പകരമായിട്ട് മിത്രോം എന്നൊരു ഇന്ത്യന്‍ ആപ്പുണ്ട്. ഈ ആപ്പിന് അത്ര പ്രചാരമില്ലെങ്കിലും ടിക് ടോക്കിന്റെ പിന്‍മാറ്റത്തോടെ കയറിവരാന്‍ സാധ്യതയുണ്ട്.
സിനിമകളും ഫയലുകളും ഷെയര്‍ ചെയ്യാന്‍ ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന ചൈനീസ് ആപ്പുകളാണ് എക്‌സെന്‍ഡറും ഷെയര്‍ ഇറ്റും. ഇവയ്ക്കു പകരമായുള്ളത് ഗൂഗിളിന്റെ ഫയല്‍സ് ഗോ ആപ്പ് ആണ്. അല്ലെങ്കില്‍ എയര്‍ഡ്രോപ് സംവിധാനം ഉപയോഗിക്കാം. ഹലോ ആപ്പിനു പകരം ഇന്ത്യന്‍ ആപ്പായ ഷെയര്‍ ചാറ്റ് ഉപയോഗിക്കാം.
ബ്യൂട്ടി പ്ലസ് ആപ്പിനു പകരം ബി612, കാന്‍ഡി ക്യാമറ എന്നിവ ഉപയോഗിക്കാം. വനിതകള്‍ക്കുവേണ്ടിയുള്ള ആപ്പായ ഷെയ്‌നിനു പകരമാണ് ഇന്ത്യയിലെ മിന്ത്ര. പ്രചാരത്തില്‍ ഷെയ്‌നിനെക്കാളും മുന്നിലാണ് മിന്ത്ര.
ഇന്ത്യയില്‍ വളരെയാധികം പ്രചാരത്തിലുള്ള ആപ്പായ യൂസിബ്രൗസറിനു പകരം ഗൂഗിളിന്റെ ക്രോം ഉപയോഗിക്കാം.