അനധികൃത മദ്യവിപണനം: പൊലീസ് പരിശോധന കര്‍ശനമാക്കുന്നു

കൊച്ചി| Last Modified ബുധന്‍, 7 മെയ് 2014 (16:55 IST)
വ്യാജമദ്യവില്‍പനയും സമാന്തര മദ്യ വിപണനവും തടയാന്‍ പോലീസ് കര്‍ശനമാക്കുന്നു. സംസ്ഥാനത്താകെ നിരവധി ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ വ്യാജ-സമാന്തര മദ്യ വില്‍പനയും ഉപഭോഗവും തടയാന്‍ കര്‍ശനനടപടിയെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പനശാലകളില്‍ നിന്ന് വാങ്ങുന്ന മദ്യം വാഹനങ്ങള്‍, ഹോട്ടലുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ വഴി സമാന്തര വില്‍പന നടത്തുന്നതും ഉള്‍പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും വ്യാജമദ്യം ഉല്‍പാദിപ്പിച്ച് വില്‍പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവി ഇതു സംബന്ധിച്ച നിര്‍ദേശം നല്കിയത്.

ഇവ തടയുന്നതിന് ഡിവൈ.എസ്.പിമാരും സി.ഐ, എസ്.ഐമാരും തങ്ങളുടെ പരിധിയില്‍ തുടര്‍ച്ചയായ റെയ്ഡും വാഹനങ്ങള്‍, ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധനയും നടത്തണമെന്നും വിശദാംശങ്ങള്‍ കൃത്യമായ ഇടവേളകളില്‍ എസ്.പിമാര്‍ക്ക് നല്‍കണമെന്നും റേഞ്ച് ഐ.ജിമാര്‍ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :