ആര് ജയിക്കും - സുധീരനോ ഉമ്മന്‍‌ചാണ്ടിയോ? നിര്‍ണ്ണായക യോഗം ഇന്ന്

തിരുവനന്തപുരം| vishnu| Last Updated: ചൊവ്വ, 6 ജനുവരി 2015 (12:02 IST)
മദ്യനയത്തിലെ പ്രായോഗിക മാറ്റങ്ങള്‍ നിലവില്‍ വന്നശേഷം കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരുമിച്ചിരിക്കുന്ന സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതി യോഗം ഇന്ന് വൈകിട്ട് ചേരും. പ്രായോഗിക മാറ്റങ്ങളില്‍ വിട്ടുവീഴ്ചക്കില്ലെന്ന് സൂചനകള്‍ നല്‍കി രണ്ടുപേരും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിനും സര്‍ക്കാരിനും ഇത് നിര്‍ണ്ണായക യോഗമാണ്. മദ്യനയത്തിലെ മാറ്റത്തില്‍ ഭൂരിപക്ഷം എംഎല്‍എമാരുടേയും പിന്തുണ നേടാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞെങ്കിലും ഏകോപന സമിതി യോഗം അങ്ങനെയാകാന്‍ ഇടയില്ല.

മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്നവരാണ് ഏകോപന സമിതിയില്‍ കൂടുതലുള്ളവരെങ്കിലും പുതിയതായി സമിതിയിലേക്ക് നിയമിതരായ പി ജെ കുര്യന്‍ , കെസി വേണുഗോപാല്‍ , കൊടിക്കുന്നില്‍ സുരേഷ് , ലാലി വിന്‍സെന്റ് എന്നിവരുടെ നിലപാട് നിര്‍ണ്ണായകമാകും. എന്നാല്‍ ഇവരുടേത് ഒസമവായ നിലപാടുകളായിരിക്കും എന്ന് സൂചനകളുണ്ട്. അതേ സമയം പുതിയ അംഗങ്ങള്‍ തങ്ങളോടൊപ്പമെന്ന് സുധീരന്‍ അനുകൂലികളും മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരും ചിന്തിക്കുന്നു.

വ്യത്യസ്ത നിലപാടുകളില്‍ തുടരുകയാണെങ്കിലും പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിട്ടുവീഴ്ചക്ക് ഇരുകൂട്ടരും തയാറാകുമോ എന്നതാകും പ്രധാനം . തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നാല്‍ ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതിന് അബ്കാരി നിയമത്തില്‍ വരുത്തിയ ഭേദഗതി അടക്കമുള്ള നടപടികളില്‍ പുനരാലോചന വേണമെന്ന അഭിപ്രായവും ഉയരും. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വഴങ്ങിയേക്കില്ലെന്ന് സൂചനയുണ്ട്.

ഇതിനൊപ്പം തന്നെ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണവും യോഗം ചര്‍ച്ച ചെയ്യും. ഉന്നതതല അന്വേഷണത്തിനു മുന്പ് സര്‍ക്കാര്‍ തല പരിശോധന വേണമെന്ന ആവശ്യം ഉയരും . നാളെ യുഡിഎഫ് നിയമസഭ കക്ഷി യോഗവും ചേരുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :