മദ്യനയം: കേരളത്തിനെ പിടിച്ചുകുലുക്കിയ നാള്‍വഴികള്‍

തിരുവനന്തപുരം| VISHNU N L| Last Updated: ചൊവ്വ, 31 മാര്‍ച്ച് 2015 (17:57 IST)
സര്‍ക്കാരിന്റെ മദ്യനയം കേരള രാഷ്ട്രീയത്തേ ആഴ്ചകളോളം പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ക്കാണ് പുതിയ മദ്യ നയം വഴിതുറന്നിട്ടത്, മദ്യനയത്തിന്റെ നാള്‍ വഴികളിലേക്ക് ഒരെത്തിനൊട്ടമാണിവിടെ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം നടന്ന മന്ത്രിസഭാ യോഗം മുതലാണ് മദ്യനയം കേരള രാഷ്ട്രീയത്തില്‍ ചൂട് പിടിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് സര്‍ക്കരും കെപിസിസിയും തുറന്ന ഏറ്റുമുട്ടലുകളിലേക്കും പിന്നീട് എല്ലാവരേയും അമ്പരിപ്പിക്കുന്ന തരത്തില്‍ കടുത്ത തീരുമാനങ്ങളുമായി സര്‍ക്കാര്‍ രംഗത്ത് വരികയുമായിരുന്നു. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ല എന്ന് നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.

അടച്ചിട്ടിരുന്ന 418 ബാറുകള്‍ക്ക് മാര്‍ച്ച് 15നും 30നും ഇടയിലാണ് ലൈസന്‍സ് പുതുക്കി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നിലവാരമില്ലാത്തവ ആയതിനാല്‍ ഇവയുടെ ലൈസന്‍സ് റദ്ദാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് മാര്‍ച്ച് അഞ്ചിലെ സുപ്രീംകോടതി വിധി വ്യക്തമാക്കിയിരുന്നു. ഇതോടെ സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന വികാരം ശക്തമായി പ്രകടിപ്പിച്ചുകൊണ്ട് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ രംഗത്ത് വരികയായിരുന്നു.

സുധീരന്‍ ഉറച്ച നിലപാട് സ്വീകരിക്കുകയും വിഷയം പാര്‍ട്ടിയിലും യുഡിഎഫിലും ഉന്നയിക്കുകയുമായിരുന്നു. മുസ്‌ലീം ലീഗും മദ്യനയത്തില്‍ ശക്തമായ നിലപാടു സ്വീകരിച്ചു. പിന്നീട് മന്ത്രിസഭാ യോഗത്തില്‍ പുതിയ മദ്യനയത്തിന് അംഗീകാരം നല്‍കിക്കൊണ്ട് എടുത്ത തീരുമാനം നിര്‍ണായകമായി. അടഞ്ഞുകിടക്കുന്ന 418 ബാറുകള്‍ തുറക്കില്ലെന്നു മാത്രമല്ല, പ്രവര്‍ത്തിക്കുന്ന 312 കൂടി അടച്ചുപൂട്ടാനായിരുന്നു തീരുമാനം.

തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് നിലവാരമില്ലെന്ന് കണ്ടെത്തിയ 418 ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഏപ്രില്‍ 15: ഉത്തരവിനെ ചോദ്യംചെയ്ത് ബാറുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ഓഗസ്റ്റ് 21: പുതിയ മദ്യനയത്തിന് യു.ഡി.എഫിന്റെ അംഗീകാരം. പഞ്ചനക്ഷത്ര മൊഴികെയുള്ള സംസ്ഥാനത്തെ മുഴുവന്‍ബാറുകളും പൂട്ടാനും തീരുമാനം.

ഓഗസ്റ്റ് 25: പുതിയ മദ്യനയം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഓഗസ്റ്റ് 26: സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇടപെടില്ലെന്നും നയം നിയമമാക്കാമെന്നും സര്‍ക്കാരിന് കോടതിയുടെ നിര്‍ദേശം. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ അബ്കാരി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഉത്തരവ്. ശേഷിച്ച ബാറുകളും പൂട്ടാന്‍ എക്‌സൈസ് വകുപ്പ് നോട്ടീസ് നല്‍കി. സെപ്തംബര്‍ ആറ്: മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചു. സെപ്തംബര്‍ 30 വരെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.

സെപ്തംബര്‍11: ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകള്‍ ഇതിനകം തീര്‍പ്പാക്കാന്‍ സുപ്രീംകോടതിയുടെ ഉത്തവ്. സെപ്തംബര്‍26: ഹൈക്കോടതി കേസുകള്‍ തീര്‍പ്പാക്കുന്നതുവരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. സെപ്തംബര്‍ 30: ബാറുകള്‍ക്ക് സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിച്ചു. കേസുകള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. അതുവരെ ബാറുകള്‍ പൂട്ടരുതെന്ന് ഉത്തരവ്.

418 ബാറുകള്‍ പൂട്ടിയ ശേഷം മദ്യഉപഭോഗം കുറഞ്ഞെന്ന് ബിവ്‌റേജസ് കോര്‍പറേഷന്‍ പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു. ഒക്‌ടോ.30: മദ്യനയത്തിന് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ അംഗീകാരം. ഫോര്‍, ഫൈവ്, ഹെറിറ്റേജ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനും ഉത്തരവ്. നവംബര്‍ 1: സിംഗിള്‍ ബഞ്ച് വിഷിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. 2015 മാര്‍ച്ച് 31: സര്‍ക്കാരിന്റെ പുതുക്കിയ മദ്യ നയം ഡിവിഷന്‍ ബഞ്ച് ശരിവച്ചു, ഫൈവ് സ്റ്റാര്‍ ഹൊട്ടലുകള്‍ക്ക് മാത്രം ബാര്‍ എന്ന് വിധി, 300 ബാറുകള്‍ അടക്കേണ്ടിവരും. സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :