അഭിറാം മനോഹർ|
Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (21:47 IST)
പങ്കാളിത്ത പെന്‍ഷനെതിരായ മുന്‍ നിലപാടില്‍ മാറ്റംവരുത്തി സംസ്ഥാന സര്‍ക്കാര്‍.
പെന്‍ഷന്‍ മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുന്ന സാഹചര്യം ഒരിടത്തുമില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ബംഗാളിലെ സാഹചര്യം വിവരിച്ചുകൊണ്ടാണ് നയം മാറ്റത്തെ പറ്റി മന്ത്രി വിശദീകരിച്ചത്.
ബംഗാളിൽ നാലു ലക്ഷത്തിലധികം കരാർ ജീവനക്കാരാണുള്ളത്. അതിനാൽ സർക്കാർ ചിലവ് വഹിക്കേണ്ട സാഹചര്യമില്ല. എന്നാൽ കേരളത്തിലെ സാഹചര്യം അങ്ങനെയല്ല.2013 ഏപ്രില്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയത്. സർക്കാരും ജീവനക്കാരും പത്ത് ശതമാനം വീതമാണ് ഇതിലേക്ക് വിഹിതം നൽകുന്നത്.
എന്നാൽ അന്ന് പ്രതിപക്ഷമായ എൽഡിഎഫ് നയത്തിനെതിരെ രംഗത്ത് വന്നിരുന്നു. തങ്ങൾ അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ അറബിക്കടലില്‍ ഒഴുക്കുമെന്നായിരുന്നു എല്‍ഡിഎഫ് പറഞ്ഞത്.പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്നും 2016ലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും വാഗ്‌ദാനമുണ്ടായിരുന്നു. എന്നാൽ അധികാരത്തിലെത്തിയിട്ടും ഇത് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
വിഷയം പഠിക്കാന്‍ ജസ്റ്റിസ് സതീഷ് ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയോഗിച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോർട്ട് നൽകിയത്. ജൂലൈ 1നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ധനവകുപ്പിന് ലഭിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.