സര്‍ക്കാരില്‍ പിടിമുറുക്കാന്‍ സിപിഎം, മന്ത്രിമാരുടെ ഓഫീസില്‍ കര്‍ശന നിയന്ത്രണം; അവതാരങ്ങളെ അനുവദിക്കരുത്

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 21 മെയ് 2021 (15:52 IST)

സിപിഎം മന്ത്രിമാരുടെ ഓഫീസില്‍ പിടിമുറുക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. മന്ത്രിമാരുടെ ഓഫീസില്‍ അവതാരങ്ങളെ അനുവദിക്കരുതെന്ന് നിര്‍ദേശം. സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടേയും മറ്റ് പേഴ്‌സണല്‍ സ്റ്റാഫുകളുടെയും കാര്യത്തില്‍ കര്‍ശന നിലപാടായിരിക്കും സെക്രട്ടേറിയറ്റ് സ്വീകരിക്കുക. പാര്‍ട്ടി അംഗങ്ങളായ, പാര്‍ട്ടിയോട് അടുത്ത ബന്ധമുള്ളവരെ പ്രൈവറ്റ് സെക്രട്ടറിമാരാക്കണമെന്നാണ് തീരുമാനം. ഇത്തരം നിയമനങ്ങള്‍ പാര്‍ട്ടിയുടെ അനുമതിയോടെ നടത്താന്‍ പാടുള്ളു എന്ന കര്‍ശന നിര്‍ദേശം ഉണ്ട്. ഓരോരുത്തരുടെയും പശ്ചാത്തലം മനസിലാക്കിയ ശേഷമേ ഇത്തരം നിയമനങ്ങള്‍ മന്ത്രിമാരുടെ ഓഫീസില്‍ നടക്കാവൂ. ഇത് സിപിഎം അറിഞ്ഞിരിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനില്‍ സ്റ്റാഫിലേക്ക് വരുമ്പോള്‍ പ്രായപരിധി 51 വയസായിരിക്കണം എന്നും നിര്‍ദേശമുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വലിയ വിവാദങ്ങളുണ്ടായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിലായി. ഇത് പ്രതിപക്ഷം ആയുധമായി ഉപയോഗിച്ചു. കെ.ടി.ജലീല്‍ അടക്കമുള്ള മന്ത്രിമാരും വിവാദ നായകന്‍മാരായി. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് സിപിഎമ്മിന്റെ ഇത്തവണത്തെ ഇടപെടല്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ.കെ.രാഗേഷിനെ നിയമിച്ചതും ഇതിന്റെ ഭാഗമായാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :