പ്രിലിമിനറി പരീക്ഷയില്ല, എൽഡിസി വിജ്ഞാപനം നവംബർ 30ന്, എൽജിഎസ് ഡിസംബറിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 17 നവം‌ബര്‍ 2023 (19:14 IST)
വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള വിജ്ഞാപനം നവംബര്‍ 30ന് പുറത്തിറക്കുമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. ലാസ്റ്റ് ഗ്രേഡ് സര്‍വന്‍്‌സ് വിജ്ഞാപനം ഡിസംബറില്‍ പുറത്തിറക്കും. വിവിധ ഘട്ടങ്ങളിലായി നടത്തുന്ന ഇരുപരീക്ഷകള്‍ക്കും പ്രിലിമിനറി പരീക്ഷ ഉണ്ടായിരിക്കില്ല. എന്നാല്‍ ബിരുദതലപരീക്ഷകള്‍ക്ക് ഇത് ബാധകമാണോ എന്ന് പിഎസ്സി വ്യക്തമാക്കിയിട്ടില്ല. നവംബര്‍ 13ന് ചേര്‍ന്ന പി എസ് സി യോഗത്തിലാണ് തീരുമാനം.

2020ലാണ് രണ്ടുഘട്ട പരീക്ഷാസമ്പ്രദായത്തിലേക്ക് പി എസ് സി കടന്നത്. അടിസ്ഥാന യോഗ്യതകള്‍ മൂന്നായി തിരിച്ച് അതിനുള്ളില്‍ വരുന്ന തസ്തികകള്‍ക്ക് ആദ്യഘട്ട പൊതുയോഗ്യതാപരീക്ഷയും ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് തസ്തികയ്ക്ക് അനുസരിച്ച് മുഖ്യപരീക്ഷയും നടത്തി അതില്‍ മാര്‍ക്കുള്ളവര്‍ക്ക് അഭിമുഖവും നടത്തി ആ മാര്‍ക്ക് ചേര്‍ത്ത് റാങ്ക് പ്രസിദ്ധീകരിക്കുന്നതാണ് നിലവിലെ രീതി. നൂറുകണക്കിന് തസ്തികകള്‍ക്ക് പൊതുവായാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്. ഇതില്‍ വിജയിക്കാത്തവര്‍ക്ക് അപേക്ഷിച്ച മുഴുവന്‍ തസ്തികകളിലേക്കും അവസരം നഷ്ടമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :