രേണുക വേണു|
Last Modified വെള്ളി, 21 ജൂലൈ 2023 (09:38 IST)
Oommen Chandy:
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിയെ മാത്രമല്ല കേരളത്തെ ഒന്നടങ്കം വലിയ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. തൊണ്ടയിലെ അര്‍ബുദം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ എത്തിയതാണ് ഉമ്മന്‍ചാണ്ടിയുടെ മരണകാരണം. വിദഗ്ധ ചികിത്സയടക്കം ലഭിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയെ അര്‍ബുദത്തില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.
അവസാന ദിനങ്ങളില്‍ അര്‍ബുദം മൂര്‍ച്ഛിച്ച് ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യം വളരെ മോശം അവസ്ഥയില്‍ എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി അദ്ദേഹത്തിനു സംസാരിക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്‍ പറയുന്നു. കഴിഞ്ഞ എട്ടുമാസമായുള്ള ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ കാലത്ത് എപ്പോഴും ഒപ്പമുണ്ടായിരുന്നത് മകള്‍ മറിയം ആണ്.
മൂന്നാലുമാസമായി സംസാരിക്കാന്‍ കഴിയാതെയായിട്ട്. പറയാനുള്ള കാര്യങ്ങള്‍ പേപ്പറില്‍ എഴുതി കാണിക്കും. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ശരീരഭാരം 38 കിലോയായി കുറഞ്ഞു. പിന്നീട് ഭാരം 53 ആയി. ശരീരത്തിന്റെ നീര് മാറിയപ്പോള്‍ 48 കിലോയായി വീണ്ടും കുറഞ്ഞെന്നും മരിക്കുന്നതുവരെ ആ ഭാരത്തിനു പിന്നീട് മാറ്റമില്ലായിരുന്നു എന്നും മറിയം പറയുന്നു. മരിച്ച ദിവസം പുലര്‍ച്ചെ ഹൃദയമിടിപ്പില്‍ നേരിയ വ്യത്യാസം വന്നെന്നും അവിടെ നിന്നാണ് അവസ്ഥ കൂടുതല്‍ മോശമായതെന്നും മറിയം പറഞ്ഞു.