വയനാട് മേപ്പാടിയില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടി; മരണം 11 ആയി, ഹെലികോപ്റ്റര്‍ എത്തിക്കും

വന്‍ ഉരുള്‍പൊട്ടലാണ് മേഖലിയില്‍ ഉണ്ടായിരിക്കുന്നത്

Wayanad Land slide
രേണുക വേണു| Last Modified ചൊവ്വ, 30 ജൂലൈ 2024 (07:54 IST)
Wayanad Land slide

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 11 ആയി. മരിച്ചവരില്‍ പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. നേപ്പാള്‍ സ്വദേശിയെന്ന് സൂചന.

വന്‍ ഉരുള്‍പൊട്ടലാണ് മേഖലിയില്‍ ഉണ്ടായിരിക്കുന്നത്. കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം മേപ്പാടിയില്‍ എത്തും. മൂന്ന് തവണയാണ് മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആദ്യ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്.

വെള്ളാര്‍മല സ്‌കൂള്‍ തര്‍ന്നു. ചൂരല്‍മല - മുണ്ടക്കൈ റൂട്ടിലെ പാലം തകര്‍ന്നിട്ടുണ്ട്. ഇത് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം വയനാട്ടിലെത്തും. എയര്‍ലിഫ്റ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു.

സിലൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. വെള്ളാര്‍മല സ്‌കൂള്‍ പരിസരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ ദുരന്തമേഖലയിലേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍. കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍ 9656938689, 8086010833. ചുരം വഴിയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :