കൊച്ചി|
Rijisha M.|
Last Modified ചൊവ്വ, 29 മെയ് 2018 (09:03 IST)
ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തുനിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ കുമ്മനം രാജശേഖരനെ മാറ്റിയതിനെ തുടർന്ന് ബിജെപിയിൽ കലഹം. ഈ സാഹചര്യങ്ങൾ വിലയിരുത്താൻ ബിജെപി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും ആർ എസ് എസ് മുതിർന്ന പ്രചാരകനുമായ
രാംലാൽ നാളെ കേരളത്തിലെത്തി ആർ എസ് എസ് നേതൃത്വവുമായി ചർച്ചനടത്തും.
പുതിയ അധ്യക്ഷൻ ആരാകണമെന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം രാംലാൽ തേടും. എന്നാൽ കുമ്മനത്തെ മൊസോറമിലേക്ക് അയച്ചതിൽ ബിജെപിയിൽ കടുത്ത പ്രതിഷേധമാണ് നിലവിലുള്ളത്. കേരളത്തിൽ നിന്നുള്ള ബിജെപി നേതാവും എം പിയുമായ വി. മുരളീധരന്റെ നേതൃത്വത്തിൽ കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് കുമ്മനത്തെ ഒഴിവാക്കുകയാണെന്ന ആരോപണവും ബിജെപിയിലുണ്ട്.
നിലവിൽ സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തേക്ക് കെ സുരേന്ദ്രനെയാണ് കേന്ദ്രനേതൃത്വം പരിഗണിക്കുന്നതെന്നും വാർത്തയുണ്ട്. കെ സുരേന്ദ്രന് വേണ്ടി കുമ്മനത്തെ ഒഴിവാക്കുകയായിരുന്നു എന്നും പാർട്ടിയിൽ ആരോപണമുണ്ട്. എന്നാൽ അതേസമയം സുരേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനാക്കുന്നതിനോട് ആര് എസ് എസിന് താത്പര്യമില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ സംഘം അറിയിച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനാക്കരുതെന്നും അങ്ങനെ ആക്കുകയാണെങ്കിൽ വരുന്ന തിരഞ്ഞെടുപ്പില്‍ സംഘത്തിന്റെ പിന്തുണ കേരളത്തില്‍ പാര്ട്ടിക്കുണ്ടാകില്ലെന്നും അന്ത്യശാസനം നല്‍കിയെന്നാണ് സൂചനകൾ.