ഗണപതിയിലുള്ള വിശ്വാസത്തെ മിത്ത് എന്ന് അധിക്ഷേപിച്ച സ്പീക്കര്‍ എഎന്‍ ഷംസീറിന്റ നടപടിയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (15:55 IST)
ഗണപതിയിലുള്ള വിശ്വാസത്തെ മിത്ത് എന്ന് അധിക്ഷേപിച്ച സ്പീക്കര്‍ എഎന്‍ ഷംസീറിന്റ നടപടിയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റമാരും ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയര്‍മാനും നിലപാട് വ്യക്തമാക്കണം. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മിക്കയിടങ്ങളിലും പ്രധാന ദേവനായോ ഉപദേവനായോ ഗണപതി പ്രതിഷ്ഠയുണ്ട്.

വിശ്വാസികളെ സംബന്ധിച്ച് അവരുടെ വിഘ്‌നങ്ങള്‍ തീര്‍ത്തു കൊടുക്കുന്ന അഭയ കേന്ദ്രങ്ങളാണ് ഗണപതി ക്ഷേത്രം . ഈ ക്ഷേത്രങ്ങളിലെ മൂര്‍ത്തി മിത്താണെന്ന് സ്പീക്കര്‍ പറഞ്ഞതിനോട് ദേവസ്വം ഭരണം കൈയാളുന്നവര്‍ക്ക് യോജിപ്പെങ്കില്‍ അവര്‍ രാജി വച്ച് ഒഴിഞ്ഞ് പാര്‍ട്ടി നിലപാടിനോട് സത്യസന്ധത കാട്ടണം.

അവിശ്വാസികളുടെ താല്പര്യ സംരക്ഷണത്തിനും ക്ഷേത്ര വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്ക് കുട പിടിക്കുവാനുമാണ് ദേവസ്വം ഭരിക്കുന്നവര്‍ മുതിരുന്നതെങ്കില്‍ , ഇവരില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കുവാന്‍ വിശ്വാസി സമൂഹം നിര്‍ബ്ബന്ധിതമാകുമെന്ന് ഓര്‍മ്മിപ്പിക്കുന്നു. ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കിയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നതിന്റെ ദൃഷ്ടാന്തമാണ് ദേവസ്വം ഭരണസമിതിയുടെ നിസ്സംഗതയിലൂടെ പുറത്തു വരുന്നത്.

ഗണപതി നിന്ദ നടന്ന് ആഴ്ചയൊന്ന് പിന്നിട്ടിട്ടും ദേവസ്വം ബോര്‍ഡ് അധ്യക്ഷന്മാരുടെ മൗനം
അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. തരം കിട്ടുമ്പോഴെല്ലാം ഹിന്ദു വിശ്വാസത്തെയും ആചാരങ്ങളെയും അധിക്ഷേപിക്കുകയും, അതിനെ എതിര്‍ക്കുന്നവരെ നിയമം ദുരുപയോഗം ചെയ്ത് നിശബ്ദരാക്കാന്‍ ശ്രമിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്തു വരുന്നത്.

തിരുവനന്തപുരത്ത് എന്‍.എസ്.എസ് നേതൃത്വത്തില്‍
നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസെടുത്തത് ഇതിന്റെ ഭാഗമാണ്. ശബരിമല വിശ്വാസികളുടെ നാമജപ ഘോഷയാത്രക്കെതിരെയും ഇതേ മട്ടില്‍ കള്ളക്കേസുകള്‍ എടുത്തിരുന്നു. ഹിന്ദുവിന്റെ ആത്മാഭിമാനത്തിനു മുറിവേല്‍പ്പിക്കുന്ന നടപടികള്‍ക്കെതിരെയുള്ള പോരാട്ട വീര്യം ഇല്ലാതാക്കാന്‍ ഇത്തരം ഓലപ്പാമ്പ് പ്രയോഗം വേണ്ട എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :