കെഎസ്ആർടി‌സി യാത്രക്കാർക്ക് ആശ്വാസം, കൊവിഡ് കാലത്തെ പ്രത്യേക ടിക്കറ്റ് നിരക്ക് പിൻവലിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (18:50 IST)
കൊവിഡ് കാലത്തെ യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് ആഴ്ചയിലെ ചില ദിവസങ്ങളില്‍ കെഎസ്ആർടിസി ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിരക്ക് വര്‍ധന പിന്‍വലിച്ചു.ഒക്ടോബർ 1 മുതൽ എല്ലാ ദിവസവും ഒരേ നിരക്കായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ദീര്‍ഘദൂര ലോഫ്ളോര്‍ ബസ്സുകളിലും വോള്‍വോ ബസ്സുകളിലും സൈക്കിളുകളും ഇ- സ്കൂട്ടറും കൊണ്ടുപോകാന്‍ അനുവദിക്കാനും തീരുമാനമായി. നവംബർ 1 മുതലായിരിക്കും ഇത് നടപ്പിലാക്കുക. സ്കൂൾ ബസ്സില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി ബോണ്ട് സർവ്വീസ് നടത്താൻ നേരത്തെ കെഎസ്ആർടിസി തീരുമാനിച്ചിരുന്നു.

ആവശ്യത്തിന് ബസ്സില്ലാത്ത സ്കൂളുകളിലേക്ക് കുട്ടികളെ എങ്ങിനെ എത്തിക്കുമെന്ന രക്ഷിതാക്കളുടെ പ്രധാന ആശങ്ക പരിഹരിക്കാനാണ് കെഎസ്ആർടിസി നീക്കം. കൊവിഡ് പേടി കാരണം പൊതുഗതാഗത്തെ ആശ്രയിക്കാൻ പലർക്കും വിമുഖതയുണ്ട്. ഈ അവസരത്തിലാണ് കെഎസ്ആർടി‌സിയുടെ നീക്കം. നിലവിൽ സെക്രട്ടറിയേറ്റ് ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമായി കെഎസ്ആർടിസി ബോണ്ട് സർവ്വീസ് നടത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :