ഡീസൽ വിലയിൽ വൻ വർധനവ്, കെഎസ് ആർടി‌സി‌ക്ക് വൻ ബാധ്യതയാകും

അഭിറാം മനോഹർ| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (19:39 IST)
കെ.എസ്.ആര്‍.ടി.സിയ്ക്കുള്ള ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ലിറ്ററിന് 6.73 രൂപയുടെ വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് വില വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

ഇതോടെ 98.15 രൂപയ്ക്കായിരിക്കും കെഎസ്ആർടിസിക്ക് ലഭിക്കുക.സ്വകാര്യ പമ്പുകള്‍ക്ക് ഇത് 91.42 രൂപയ്ക്ക് ലഭിക്കും. അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിലവർധനവ് ഏർപ്പെടുത്തിയത്.

ദിവസം അഞ്ചര ലക്ഷത്തോളം ലിറ്റർ ഡീസലാണ് കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്നത്. പുതിയ വിലവര്‍ധനവ് പ്രകാരം ദിവസം 37 ലക്ഷത്തിന്റെ അധികബാധ്യതയാണ് പുതിയ തീരുമാനത്തൊടെ ഉണ്ടാകുക.ഒരു മാസം 11 കോടി 10 ലക്ഷം രൂപ ഇന്ധനം വാങ്ങാന്‍ വേണ്ടി മാത്രം കെ.എസ്.ആര്‍.ടി.സി അധികമായി ചിലവാക്കേണ്ടി വരും.

ദിവസം 50,000 ലിറ്ററിന് കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനം എന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സിയെ മാത്രമായിരിക്കും ഈ വിലവര്‍ധനവ് ബാധിക്കുക. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആർടി‌സിക്ക് ഈ വില വർധനവ് വമ്പൻ തിരിച്ചടിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :