നിഹാരിക കെ.എസ്|
Last Modified തിങ്കള്‍, 6 ജനുവരി 2025 (08:20 IST)
ഇടുക്കി: ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതായാണ് ലഭിക്കുന്ന വിവരം. അപകടത്തിൻ്റെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല.
34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മൂന്ന് ജീവനക്കാരും ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ 2 പേരുടെ നില അതീവ ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഇതുവരെ ആരുടേയും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മുഴുവൻ ആളുകളെയും രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വിനോദയാത്രാ സംഘം മടക്കയാത്രയിലാണ് ബസ് അപകടത്തിൽ പെട്ടത്. വളവിൽവെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മരങ്ങളിൽ തട്ടി ബസ് നിന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം അപകടത്തിൽപെട്ടെതായാണ് സംശയം.