കെഎസ്ആര്‍ടിസിയില്‍ കെട്ടിക്കിടക്കുന്നത് കോടികള്‍ വിലമതിക്കുന്ന സ്‌പെയര്‍പാര്‍ട്‌സുകള്‍

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 7 ജൂണ്‍ 2014 (15:47 IST)
കടത്തില്‍ നിന്ന് കടത്തിലേക്ക് മൂക്കുകുത്തുമ്പോഴും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപയുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍. സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങിയതില്‍ വ്യാപക അഴിമതി നടന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ഇതേ തുടര്‍ന്ന് ഉന്നതര്‍ ഒത്തു ചേര്‍ന്ന് പൂഴ്ത്തുകയും ചെയ്തു.


അഴിമതിയെക്കുറിച്ച് കെഎസ്ആര്‍ടിസിക്ക് പുറത്തുള്ള വിദഗ്ധ ഏജന്‍സി അന്വേഷിക്കണമെന്നും കെഎസ്ആര്‍ടിസി വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. കെഎസ്ആര്‍ടിസിയുടെ 79 റീജിയണല്‍ യൂണിറ്റുകളില്‍ നടന്ന പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ കെട്ടിക്കിടക്കുന്നതായി വിജിലന്‍സ് കണ്ടെത്തിയത്.

79 യൂണിറ്റുകള്‍ പരിശോധിച്ചതില്‍ 3,14,73,886 രൂപയുടെ സ്‌പെയര്‍പാര്‍ട്‌സാണ് കണ്ടെത്തിയത്. 2009 മുതല്‍ വാങ്ങിക്കൂട്ടിയ സ്‌പെയര്‍പാര്‍ട്‌സുകളാണിത്. പുതിയ ബിഎസ് മൂന്ന് ബസുകളില്‍ ഉപയോഗിക്കുന്ന സ്‌പെയര്‍പാര്‍ട്‌സ്, പുതിയ ബസുകളുടെ ബോഡി നിര്‍മ്മിക്കാന്‍ ആവശ്യമായ ടൂള്‍സ് എന്നിവയും ഇവയില്‍ പെടും. ഏറ്റവും കൂടുതല്‍ തുകയ്ക്കുള്ള ഡെഡ്‌സ്റ്റോക്ക് കാണപ്പെട്ടത് മാവേലിക്കര, എടപ്പാള്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ്.

നിസ്സാര രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ വില വരുന്നതാണ് ഓരോ സ്‌പെയര്‍ പാര്‍ട്‌സും. 2010 മുതല്‍ അനാവശ്യമായി സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങിക്കൂട്ടിയത് ആരെന്ന് കണ്ടുപിടിക്കണമെന്നും കോര്‍പ്പറേഷന് ഇതുമൂലം ഉണ്ടായ നഷ്ടം അവരില്‍ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

എന്നാല്‍ ഉന്നതര്‍ കൈകോര്‍ത്ത് റിപ്പോര്‍ട്ട് അട്ടിമറിച്ച്തോടെ ബാഹ്യ ഏജന്‍സികളേക്കൊണ്ട് അന്വേഷിക്കണമെന്ന നിര്‍ദ്ദേശം അവഗണിക്കപ്പെടുകയായിരുന്നു. വിജിലന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എട്ട് മാസത്തോളമായെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :