സുരേന്ദ്രൻ രാജിവെയ്‌ക്കണമെന്ന് കൃഷ്‌ണദാസ് പക്ഷം, അച്ചടക്കം വേണമെന്ന് സുരേന്ദ്രൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ജൂലൈ 2021 (17:51 IST)
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെയും സീറ്റ് കച്ചവടമടക്കമുള്ള ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ ബിജെപി നേതൃസ്ഥാനത്ത് നിന്നും രാജിവയ്‌ക്കണമെന്ന് പികെ കൃഷ്‌ണദാസ് പക്ഷം. കാസർകോട്ട് നടക്കുന്ന സംസ്ഥാനഭാരവാഹികളുടെ യോഗത്തിലാണ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനമുയർന്നത്.

പ്രബലനേതാക്കൾ നേരിട്ടല്ലാതെ കൃഷ്‌ണദാസ് പക്ഷത്തെ മറ്റ് നേതാക്കളാണ് രാജി ആവശ്യം യോഗത്തിൽ ഉന്നയിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രവർത്തകർക്ക് പലർക്കും സുരേന്ദ്രന്റെ നേതൃത്വത്തിൽ വിശ്വാസമില്ലെന്നും അതിനാലാണ് കെ സുരേന്ദ്രനെതിരായ ആരോപണങ്ങൾക്ക് എതിരായ സമരങ്ങൾക്ക് പോലും പിന്തുണയില്ലാത്തതെന്നും യോഗത്തിൽ ആക്ഷേപമുയർന്നു.

അതേസമയം വിമർശനങ്ങളോട് അച്ചടക്കത്തിന്റെ വാളോങ്ങിയാണ് സുരേന്ദ്രന്റെ പ്രതികരണം. പാർട്ടി അച്ചടക്കം മർമപ്രധാനമെന്നും കോൺഗ്രസല്ല ബിജെപിയെന്നും അംഗങ്ങൾക്ക് സുരേന്ദ്രൻ താക്കീത് നൽകി. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്തിക്കാനുള്ള സംഘടനാ നടപടിയുണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :