ജോണ്‍സി ഫെലിക്‍സ്|
Last Modified വ്യാഴം, 21 ജനുവരി 2021 (13:12 IST)
സി പി എം പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് അതിക്രമമെന്ന് പരാതി. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള, കക്കറമുക്ക് പ്രദേശങ്ങളിലെ സി പി എം പ്രവര്‍ത്തകരുടെ വീടുകളില്‍ മേപ്പയൂര്‍ ഇന്‍സ്‌പെക്‍ടറുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം അക്രമം കാണിച്ചെന്നാണ് പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്.
പെരിഞ്ചേരിക്കടവിലെ കാക്കാം കൈക്കുനി ഗംഗാധരന്‍, സഹോദരന്‍ കെ കെ പ്രകാശന്‍, കക്കറമുക്കിലെ കുനിമ്മല്‍ ചന്ദ്രന്‍ എന്നിവരുടെ വീടുകളിലാണ് വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയോടെ പൊലീസ് അതിക്രമമുണ്ടായതെന്നാണ് സി പി എം ആരോപിക്കുന്നത്. വീടുകളുടെ മുകള്‍നിലകളിലേക്ക് കോണിവച്ച് കയറിയ പൊലീസ് സംഘം വാതിലുകള്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നെന്നും ആരോപണമുണ്ട്.
അക്രമം കണ്ട് കുഴഞ്ഞുവീണ ചന്ദ്രന്‍റെ ഭാര്യാമാതാവ് കല്യാണി (75)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തിന്‍റെ പേരിലാണ് യു ഡി എഫ് പ്രവര്‍ത്തകരെയും കൂട്ടി പൊലീസ് സി പി എം പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിയതത്രേ.
പൊലീസിനൊപ്പം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നില്‍ക്കുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ ഗംഗാധരന്‍റെ വീട്ടിലെ ക്യാമറകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.