പാചകവാതക സിലിണ്ടറിന്റെ തൂക്കം കൃത്യമാണോയെന്ന് ഉപയോക്താവ് സംശയം പ്രകടിപ്പിച്ചാല്‍ തൂക്കം അളക്കുന്നതിന് വാഹനത്തില്‍ ത്രാസ് സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 നവം‌ബര്‍ 2023 (08:57 IST)
പാചകവാതക സിലിണ്ടറിന്റെ തൂക്കം കൃത്യമാണോയെന്ന് ഉപയോക്താവ് സംശയം പ്രകടിപ്പിച്ചാല്‍ തൂക്കം അളക്കുന്നതിന് വാഹനത്തില്‍ ത്രാസ് സൗകര്യം ഒരുക്കണമെന്ന് കോട്ടയം ജില്ലാതല പാചകവാതക അദാലത്തില്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം. ഗാര്‍ഹിക പാചകവാതക ഉപയോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റിലെ തൂലിക ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് ഷാഫിയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല അദാലത്തിലാണ് നിര്‍ദ്ദേശം.

പാചകവാതകവിതരണ ഏജന്‍സികള്‍ ഉപയോക്താക്കള്‍ക്ക് ബില്ലുകള്‍ കൃത്യമായി നല്‍കണം. ബുക്ക് ചെയ്താല്‍ സമയബന്ധിതമായി സിലണ്ടറുകള്‍ ലഭ്യമാക്കണമെന്നും ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാഞ്ഞിരപ്പള്ളി താലൂക്ക്-അഞ്ച്, കോട്ടയം-10, മീനച്ചില്‍-ഒന്ന്, ചങ്ങനാശേരി-മൂന്ന്, വൈക്കം-രണ്ട് എന്നിങ്ങനെയാണ് പരാതികള്‍ ലഭിച്ചത്. ജില്ലാ സപ്ലൈ ഓഫീസര്‍ സ്മിത ജോര്‍ജ്, വിവിധ എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതകവിതരണ ഏജന്‍സി പ്രതിനിധികള്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :