എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (12:40 IST)
കൊട്ടാരക്കര: പോലീസ് സ്റേഷനുള്ളിൽ വച്ച് പരാതിക്കാരുടെ സാന്നിധ്യത്തിൽ തമ്മിൽ കയ്യാങ്കളി നടത്തിയ വനിതാ എസ്.ഐ മാരെ ഒടുവിൽ സ്ഥലമാറ്റം നൽകി അധികാരികൾ തലയൂരി.
കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ വനിതാ സെല്ലിലായിരുന്നു രണ്ട് വനിതാ എസ്.ഐ മാരായ ഫാത്തിമാ ത്രേസ്യ, ഡെയ്‌സി ലൂക്കോസ് എന്നിവർ തമ്മിൽ കൈയാങ്കളി നടത്തിയത്. ഇതിൽ ഒരാൾക്ക് പരിക്കേറ്റ താലൂക്ക് ആശുപത്രിയിൽ പോകേണ്ടി വന്നു എന്നും റിപ്പോർട്ടുണ്ട്. എന്തായാലും സംഗതി സേനയ്ക്ക് തന്നെ നാണക്കേട് ആയതോടെ വീണ്ടും നേർക്കുനേർ വഴക്കടിക്കാതിരിക്കാൻ ഇരുവർക്കും ഒരേ സമയം സ്ഥലമാറ്റം നൽകി.
സംഭവം ഇങ്ങനെ, കൊട്ടാരക്കര വനിതാ സെല്ലിലെ സി.ഐ ആയിരുന്ന സുധർമ്മ അടുത്തതിന്റെ വിരമിച്ചതിനു ശേഷമാണ് വനിതാ എസ്.ഐ മാർ തമ്മിൽ സീനിയോറിറ്റി തർക്കത്തിന് രൂക്ഷതയേറിയത്. മുമ്പ് തന്നെ ഇരുവർക്കും തമ്മിൽ സീനിയോറിട്ടിയുടെ കാര്യത്തിൽ തർക്കമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചാണ് സർവീസിൽ പ്രവേശിച്ചതും ഒരേ സമയത്താണ് ഇരുവരും എസ്.ഐ ആയി സ്ഥാനക്കയറ്റം നേടിയതും. എങ്കിലും റിക്കോഡ് പ്രകാരം ഒരു നമ്പർ സീനിയോറിറ്റി ഡെയ്‌സിക്കാനുള്ളത് എന്നാണ് പറയുന്നത്.
ഇരുവരും നേരത്തെ തന്നെ ഇവിടെ എസ്.ഐ മാരായി ജോലി നോക്കിയിരുന്നു. തിരഞ്ഞെടുപ്പ് വന്നതോടെ ഡെയ്സിക്ക് തിരുവനന്തപുരത്തേക്ക് മാറ്റം വന്നു. ഇതിനിടെ ഇവിടത്തെ സി.ഐ ആയിരുന്ന സുധർമ്മ പോയതോടെ അവിടെ യുണ്ടായിരുന്ന ഫാത്തിമയ്ക്ക് സി.ഐ യുടെ ചുമതല നൽകി. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു ഡെയ്‌സി തിരികെ എത്തിയതോടെ ഇരുവരും തമ്മിൽ അധികാര തർക്കം തുടങ്ങി. സി.ഐ യുടെ മുറിയിൽ ഫാത്തിമയ്‌ക്കൊപ്പം മറ്റൊരു കസേര ഇട്ട് ഡെയ്സിയും ഇരിക്കാൻ തുടങ്ങി.
ഇത് അധികാരം സംബന്ധിച്ചുള്ള വടംവലിക്ക് രൂക്ഷതയേറ്റി. തുടർന്ന് കയ്യാങ്കളിയായി എന്നാണ് റിപ്പോർട്ട്. വിവരം അറിഞ്ഞു കൊല്ലം ജില്ലാ റൂറൽ എസ്.പി ആവശ്യപ്പെട്ടത് അനുസരിച്ചു സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി റിപ്പോർട്ട് നൽകുകയും ഇരുവരെയും കൊല്ലം റൂറലിലെ രണ്ട് പിങ്ക് പട്രോൾ യൂണിറ്റുകളിലേക്ക് മാറ്റുകയും ചെയ്തു.