തുമ്പി എബ്രഹാം|
Last Updated:
ശനി, 5 ഒക്‌ടോബര്‍ 2019 (15:15 IST)
കൂടത്തായി കൂട്ടമരണത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ജോളിയെ കൈയൊഴിഞ്ഞ് ഭർത്താവ് ഷാജു സ്‌കറിയ. ദുരൂഹ മരണങ്ങളിൽ തനിക്ക് പങ്കില്ലെന്ന് ഷാജു പറഞ്ഞു. തെളിവ് ശക്തമെങ്കിൽ ജോളി തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കും. അവിടെ ന്യായീകരിക്കേണ്ട ആവശ്യമില്ല. കൊലപാതകം സ്വത്തിന് വേണ്ടിയാകാം. തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ഷാജു പറഞ്ഞു.
ജോളിയുടെ സാമ്പത്തിക കാര്യങ്ങളിലൊന്നും താൻ ഇടപെടാറില്ല. അത്തരം കാര്യങ്ങൾ ജോളി ഒറ്റക്കാണ് നടത്തിയിരുന്നത്. വക്കീലിനെ കാണാൻ ആണെങ്കിലും അവർ അവരുടേതായ രീതിയിലാണ് പോയിരുന്നത്. ചില സമയങ്ങളിൽ മകൻ കൂടെ പോകാറുണ്ട്. സ്വത്ത് കാര്യങ്ങളിലൊന്നും താൻ ഇടപെടുന്നത് ജോളിക്ക് ഇഷ്ടമായിരുന്നില്ല. ജോളിക്ക് ജനിതക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ഷാജു പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി തോമസ്, ടോം തോമസിന്റെ സഹോദര പുത്രന്റെ ഭാര്യ സിലി, സിലിയുടെ മകള്‍ രണ്ട് വയസ്സുകാരി അല്‍ഫോന്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചത്. 2002ല്‍ അന്നമ്മ മരിച്ചു. ടോം തോമസ് 2008ലും റോയി 2011ലും മരിച്ചു. മാത്യുവും അല്‍ഫോന്‍സയും 2014ലും സിലി 2016ലുമാണ് മരിച്ചത്. ടോം തോമസിന്റെ സഹോദരന്റെ മകനാണ് ഷാജു.
'സ്ലോ പോയിസണിംഗി'ങ്ങാണ് മരണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സയനൈഡാണ് ഉപയോഗിച്ചത്.സയനൈഡ് എത്ര അളവില്‍ ഉപയോഗിച്ചതെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ ഭര്‍ത്താവ് റോയ് സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചത്. വിഷത്തിന്റെ സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തിയിരുന്നെങ്കിലും ആത്മഹത്യയാണെന്ന സംശയത്തില്‍ വിവരം മൂടിവെയ്ക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് പതുക്കെപ്പതുകെ സയനൈഡ് നല്‍കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഭക്ഷണം കഴിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ആറ് പേരും മരിച്ചത്.