എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (14:59 IST)
കൊല്ലം: യുവതി ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ആരോപിച്ചു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ശാസ്താംകോട്ട യ്ക്കടുത്തുള്ള ശാസ്താംനടയിലാണ് നിലമേല്‍ കൈത്തോട് സ്വദേശിനി വിസ്മയ എന്ന 24 കാരിയെ ഇന്ന് വെളുപ്പിന് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
കഴിഞ്ഞ 2020 മാര്‍ച്ചിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി വിസ്മയയുടെ വിവാഹം നടന്നത്. തനിക്കു ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റു എന്ന് കാണിച്ചു കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കള്‍ക്ക് വാട്ട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. ഇതില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുടെ ദൃശ്യങ്ങളും ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ പുലര്‍ച്ചെ വിസ്മയ തൂങ്ങിമരിച്ചു എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കിയതും. പോലീസ് വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഇതിനൊപ്പം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
വിസ്മയ ബന്ധുക്കള്‍ക്ക് അയച്ച വാട്ട്സ് ആപ്പ് സന്ദേശത്തില്‍ തനിക്ക് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്നും ഇതിന്റെ പേരില്‍ തന്നെയും മാതാപിതാക്കളെയും ഭര്‍ത്താവ് കിരണ്‍ തെറിപറഞ്ഞെന്നും അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം തനിക്ക് ഏറ്റ മര്‍ദ്ദനത്തെ കുറിച്ചും വിശദമായി തന്നെ വിസ്മയ പറയുന്നുണ്ട്.