കൊല്ലത്ത് സ്രവ പരിശോധന ഊര്‍ജിതമാക്കി ത്രീ സീറോ പദ്ധതി

എ കെ ജെ അയ്യര്‍| Last Modified ശനി, 19 ഡിസം‌ബര്‍ 2020 (13:09 IST)
കൊല്ലം: കൊല്ലം ജില്ലയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, പ്രവര്‍ത്തകര്‍, പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ രോഗബാധ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ത്രീ സീറോ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത.

സീറോ വ്യാപനം, സീറോ മരണം, സീറോ രോഗബാധ എന്നതിന്റെ ചുരുക്കമാണ് ത്രീ സീറോ പദ്ധതി. തദ്ദേശ തിരഞ്ഞെടുപ്പ്, ക്രിസ്തുമസ്, നവവത്സര ആഘോഷപരിപാടികള്‍, ശബരിമല തീര്‍ത്ഥാടനം
തുടങ്ങിയവയുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡം പാലിക്കാതെ ആളുകള്‍ കൂട്ടംകൂടുന്നതിനാല്‍ രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബ്ലോക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവ കേന്ദ്രീകരിച്ച് സ്രവ പരിശോധന നടത്തി രോഗം ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ത്രീ സീറോ പദ്ധതിയുടെ ലക്ഷ്യം.

ഇതിനായി അതാത് പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ/സാമൂഹ്യാരോഗ്യ കേന്ദ്രം കേന്ദ്രീകരിച്ച് സ്രവ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരും രോഗബാധയുണ്ടാകാനുള്ള സാഹചര്യത്തില്‍ ഏര്‍പ്പെട്ടവരും ഇന്നും (ഡിസംബര്‍ 19) നാളെയും (ഡിസംബര്‍ 20) അതാത് കേന്ദ്രങ്ങളില്‍ സ്വമേധയാ സ്രവ പരിശോധനയ്ക്ക് എത്തണമെന്ന്
ഡി എം ഒ ഡോ ആര്‍ ശ്രീലത കൂട്ടിചേര്‍ത്തു .




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :