തിരുവനന്തപുരം|
മെര്‍ലിന്‍ സാമുവല്‍|
Last Updated:
ശനി, 28 സെപ്‌റ്റംബര്‍ 2019 (15:48 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അട്ടിമറിച്ച് എല്‍ഡിഎഫ് ചരിത്രവിജയം നേടിയതോടെ ബിജെപി – ബിഡിജെഎസ് സഖ്യത്തിൽ ഭിന്നത രൂക്ഷം. പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് കുറയാന്‍ കാരണം ബിഡിജെഎസിന്റെ ഇടതു സ്‌നേഹമാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് ബന്ധത്തില്‍ വിള്ളല്‍ വീണത്.
തര്‍ക്കം രൂക്ഷമായതോടെ അരൂര്‍ സീറ്റ് ബിഡിജെഎസിന് വിട്ടുനല്‍കേണ്ടെന്ന് ബിജെപി തീരുമാനിച്ചു. സീറ്റ് ഏറ്റെടുത്തതായി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. അരൂര്‍ സീറ്റിലേക്കായി മൂന്നുപേരുടെ സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി.
അരൂരിലെ സീറ്റ് ബിഡിജെഎസിന് നല്‍കാമെന്നായിരുന്നു തുടക്കത്തിലുണ്ടായിരുന്ന ധാരണ. എന്നാല്‍ അരൂരിലടക്കം അഞ്ചിടത്തും ബിജെപി തന്നെ മത്സരിക്കണമെന്ന വികാരത്തിലേക്ക് പാര്‍ട്ടി എത്തി. അവസാനം വരെ ഒപ്പം നില്‍ക്കുകയും അവസാന നിമിഷം എല്‍ ഡി എഫിന് വോട്ട് മറിക്കുകയും ചെയ്‌തുവെന്നാണ് പാലാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.
പലായില്‍ ബി ഡി ജെ എസിന്റെ വോട്ട് ലഭിച്ചെന്ന മാണി സി കാപ്പന്റെ പ്രസ്‌താവനയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ തള്ളി. എസ്എന്‍ഡിപി യോഗം ഇടതുമുന്നണിയെ പിന്തുണച്ചപ്പോള്‍ ബിഡിജെഎസ് എന്‍ഡിഎയെ ആണ് പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഇടതുമുന്നണി സർക്കാരിനു കിട്ടിയ അംഗീകാരമാണ് പാലായിലെ വിജയമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സർക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്നു പറഞ്ഞവർ അംഗീകരിക്കണം. പാലായിൽ എൻഡിഎ സ്ഥാനാര്‍ഥിയുടെ വോട്ടുകുറഞ്ഞത് ബിജെപി ഇടപെട്ടിട്ടാകാം. എസ്എൻഡിപി മാത്രമല്ല, പാലാ ബിഷപ്പും പിന്തുണച്ചത് മാണി സി. കാപ്പനെ ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.