aparna shaji|
Last Modified വെള്ളി, 10 ഫെബ്രുവരി 2017 (10:15 IST)
ലോ അക്കാദമി സമരത്തിന്റെ മറവില്‍ ബി ജെ പി നടത്തിയത് കോലീബി സഖ്യത്തിനുള്ള നീക്കമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി ജെ പിയുടെ കെണിയില്‍ മറ്റു പാര്‍ട്ടികള്‍ വീണു.ലോ അക്കാദമി വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പര ധാരണയോടെയാണ് സമരം ചെയ്തതെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി ആരോപിച്ചു.
ബിജെപിയോടും ആര്‍എസ്എസിനോടും മൃദു സമീപനമാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും സ്വീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ഒരുഭാഗത്ത് ബി ജെ പിയും മറുഭാഗത്ത് യു ഡി എഫും പരസ്പരധാരണയോടെ നിലയുറപ്പിച്ച് പരിശ്രമിക്കുകയാണ്. വിദ്യാര്‍ഥി സമരത്തെ ആദ്യംതന്നെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് തകിടംമറിച്ചെന്നും കോടിയേരി പറയുന്നു.
ലോ അക്കാദമിയുടെ മറവില്‍ കോണ്‍ഗ്രസും ബി ജെ പിയും നടത്തിയത് അന്യായമായ സമരാഭാസമായിരുന്നു.
എ കെ ആന്റണിയും മുസ്‌ളിംലീഗ് നേതാവ് ഹൈദരാലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ബിജെപിയെ ആശിര്‍വദിക്കാനെത്തി. ലോ അക്കാദമി സമരത്തെ ഇക്കൂട്ടര്‍ സംസ്ഥാനസര്‍ക്കാരിനെതിരായ രാഷ്ട്രീയസമരമാക്കി മാറ്റിയിരുന്നു.
മോദി സര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് പ്രതിസന്ധിക്കെതിരെ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ വിസമ്മതിച്ച വി എം സുധീരനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്‌ളിംലീഗിനും ബി ജെ പിയുമായി കൂട്ടുകൂടി സമരം നടത്തുന്നതിന് ഒരു മടിയുമുണ്ടായില്ലെന്നും കോടിയേരി ആരോപിക്കുന്നു.