തിരുവനന്തപുരം|
JOYS JOY|
Last Modified ഞായര്‍, 6 മാര്‍ച്ച് 2016 (15:28 IST)
അഴിമതിയും ക്രമക്കേടും നിറഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാന
മന്ത്രിസഭ അവസാനം ചേര്‍ന്ന മൂന്ന് യോഗങ്ങളിലായി എടുത്ത 822 തീരുമാനങ്ങളില്‍ നല്ലൊരു പങ്കും ക്രമവിരുദ്ധവും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞവയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി കുട്ടനാട്ടിലും എറണാകുളത്തുമുള്ള 425 ഏക്കര്‍ വയല്‍ നികത്താന്‍ റവന്യൂമന്ത്രി അനുമതി നല്കി ഇറക്കിയ ഉത്തരവ് സദുദ്ദേശപരമല്ല. അപ്പര്‍കുട്ടനാട്ടിലെ മെത്രാന്‍കായലില്‍ 378 ഏക്കറും എറണാകുളത്ത് കടമക്കുടിയില്‍ 47 ഏക്കറും നികത്താന്‍ ധൃതിപിടിച്ച് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിന് തലേന്നാള്‍ ഇക്കോ ടൂറിസത്തോടും മെഡിക്കല്‍ ടൂറിസത്തോടും പ്രേമമുദിക്കുന്നതിനു പിന്നില്‍ നിക്ഷിപ്ത താല്പര്യമുണ്ട്. അതിനാല്‍ ഈ ഉത്തരവുകള്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
54,000 അനധികൃത നിയമനങ്ങള്‍ സാധൂകരിച്ച് സ്ഥിരപ്പെടുത്താനും 13,032 പേരെ നിയമിക്കാനുമുള്ള തീരുമാനങ്ങളുമുണ്ട്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്നതിനാല്‍ മുന്‍ തീയതിവച്ച് ഉത്തരവിറക്കാനുള്ള സമ്മര്‍ദത്തിന് ഉദ്യോഗസ്ഥര്‍ വഴിപ്പെടരുതെന്നും കോടിയേരി പറഞ്ഞു.