പടവുകളും അടവുകളും കടന്ന് ഒന്നാമനായ കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍, സിപി‌എം, കേരളം
ആലപ്പുഴ| vishnu| Last Updated: തിങ്കള്‍, 23 ഫെബ്രുവരി 2015 (13:44 IST)
കേരളത്തിലെ സിപിഎമ്മിന്റെ നേതാക്കളിലൊരാളാണ് കോടിയേരി ബാലകൃഷ്ണന്‍. എന്നും പാര്‍ട്ടിയിലെ രണ്ടാം നിര നേതാവായി അറിയപ്പെട്ടിരുന്ന് കോടിയേരി ഇന്നുമുതല്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ കല്ലറ തലായി എല്‍പി സ്കൂള്‍ അദ്ധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബര്‍ 16-ന് ജനിച്ച ബാലകൃഷ്ണന്‍ മാഹി മഹാത്മാഗാന്ധി ഗവ കോളജ്‌, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

രാഷ്ട്രീയത്തില്‍ സമരത്തിന്റെയും ജയില്‍ വാസത്തിന്റെയും കനത്ത അറിവുകളുമായാണ് കോടിയേരി ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയായി മാറിയിരിക്കുന്നത്. എസ്എഫ്ഐയുടെ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് പിച്ചവച്ച ബാലകൃഷ്ണനെ ഇന്ദിരാഗാന്ധിയുടെ കിരാതമായ അടിയന്തരാവസ്ഥയുടെ കാലത്ത് കരിനിയമമായ ‘മിസ്സ‘ ചുമത്തി ജയിലടച്ചിരുന്നു. 1975 ല്‍ അടിയന്തിരാവസ്ഥ കാലത്ത്‌ 16 മാസമാണ് ഇദ്ദേഹത്തിന് സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കഴിയേണ്ടി വന്നത്. ഇതേതുടര്‍ന്ന് സിപി‌എമ്മിന്റെ സജീവ പ്രവര്‍ത്തനത്തില്‍ ശ്രദ്ദേയനായ കോടിയേരി അടിയന്തരാവസ്ഥ പിന്‍‌വലിച്ചതിനു ശേഷം 1982ല്‍ കേരള നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.

1970 ല്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ടിയില്‍ അംഗമായി. 1973 മുതല്‍ 1979 വരെ എസ്‌എഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, 1980 മുതല്‍ 1982 വരെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌. തുടര്‍ന്ന് ആറ് വര്‍ഷം കണ്ണൂര്‍ സിപി‌എം ജില്ലാ സെക്രട്ടറി എന്നി ചുമതലകള്‍ കോടിയേരി നിര്‍വഹിച്ചിരുന്നു. ഇക്കാലയളവില്‍ കണ്ണൂരില്‍ വച്ച് നിരവധി തവണ പോലീസ്‌ മര്‍ദ്ദനത്തിനും, ആര്‍എസ്‌എസ്‌ ആക്രമണത്തിനും വിധേയനായിട്ടുണ്ട്‌.

തലശ്ശേരിയില്‍ ലോറി ഡ്രൈവേഴ്‌സ്‌ ആന്റ്‌ ക്ലീനേഴ്‌സ്‌ യൂണിയന്‍ സെക്രട്ടറി, വോള്‍ക്കാട്‌ ബ്രദേഴ്‌സ്‌ തൊഴിലാളി യൂണിയന്‍ സെക്രട്ടറി, ചെത്ത്‌ തൊഴിലാളി യൂണിയന്‍ സെക്രട്ടറി, തലശ്ശേരി സിഐടിയു ഏരിയാ സെക്രട്ടറി എന്നീ നിലയില്‍ തൊഴിലാളി രംഗത്തും, കര്‍ഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, അഖിലേന്ത്യാ കിസാന്‍സഭാ മെമ്പര്‍ എന്നീ നിലകളില്‍ കര്‍ഷകരംഗത്തും പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയവും കോടിയേരിക്കുണ്ട്.
കര്‍ഷകസമരത്തില്‍ പങ്കെടുത്ത്‌ റെയില്‍ പിക്കറ്റ്‌ ചെയ്‌തതിന്റെ ഫലമായി കോടതി രണ്ടാഴ്‌ച ജയില്‍ ശിക്ഷയ്‌ക്ക്‌ വിധേയനാക്കിയിരുന്നു.

1982,1987, 2001, 2006, 2011 തുടങ്ങിയ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഇദ്ദേഹം കണ്ണൂരിലെ തലശ്ശേരി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തി.നിലവില്‍ ഇടതുപക്ഷത്തിന്റെ പ്രതിപക്ഷ ഉപനേതാവാണ് കോടിയേരി. 2006 മേയ്‌ 18 മുതല്‍ 2011 മേയ് 18 വരെ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തരം, വിജിലന്‍സ്, ജയില്‍, അഗ്നിശമനം, സംയോജനം, ടൂറിസം എന്നീ വകുപ്പുകള്‍ വഹിച്ചു. 2008 ഏപ്രില്‍ 3-ന്‌ കൊയമ്പത്തൂരില്‍ വെച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് കോടിയേരി പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ എന്ന ചടങ്ങ് ഇദ്ദേഹത്തിന്റെ പേരില്‍ നടത്തി എന്നൊരു വിവാദമുണ്ടായിട്ടുണ്ട്. പിന്നീട്, മറ്റൊരു ബാലകൃഷ്ണനാണ് ചടങ്ങ് നടത്തിയത് എന്നു പുറത്തുവന്നതോടെയാണ് ഈ വിവാദം അവസാനിച്ചത്. മന്ത്രിയായി ചുമതലയെടുത്ത ആദ്യകാലത്ത് പോലീസ് നടപടികളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ അക്രമാസക്തമായ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഐസ്‌ക്രീം, ലോട്ടറി, ലാവലിന്‍ കേസുകള്‍ക്കായി പുറത്തുനിന്നും അഭിഭാഷകരെ കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് മൂന്നുകോടി രൂപ നഷ്ടമുണ്ടായെന്ന പരാതി അന്വേഷണത്തിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അഴിമതിക്കറ പുരളാത്ത പ്രതിഛായയും സര്‍വ്വ സമ്മത്നുമായ നേതവാണ് കോടിയേരി. അതിനാല്‍ തന്നെ ഔദ്യോഗിക പക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കു ശേഷവും ഇപി ജയരാജനെ തഴഞ്ഞ് കോടിയേരിയെ സംസ്ഥാന സെക്രട്ടറിയാക്കിയത് വിദ്യാര്‍ഥി, തൊഴിലാളി, കര്‍ഷക, രാഷ്ട്രീയ മേഖലകളിലെ ഈ മികച്ച പ്രവര്‍ത്തന പരിചയമാണ്.
തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റര്‍ ജീവനക്കാരിയും തലശ്ശേരി മുന്‍ എംഎല്‍എ എം വി രാജഗോപാലിന്റെ മകളുമായ എസ്‌ആര്‍ വിനോദിനിയാണ് ഭാര്യ. ബിനോയ്‌, ബിനീഷ്‌ എന്നിവര്‍ മക്കളാണ്‌‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :