കൊച്ചി|
jibin|
Last Modified ശനി, 20 ഫെബ്രുവരി 2016 (08:52 IST)
കേരളത്തിന്റെ ഐടി മേഖലയിലെ കുതിപ്പിന് ആക്കംകൂട്ടിക്കൊണ്ടു മലയാളികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും. പതിനൊന്നുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. രണ്ടാം ഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും ഇന്ന് നടത്തും.
സ്മാര്‍ട്ട് സിറ്റിയുടെ തുടക്കത്തില്‍ത്തന്നെ അതിന്റെ ഭാഗമാകുന്ന 27 കമ്പനികളുടെ പേര് ഇന്നു പ്രഖ്യാപിക്കും. ഒന്നാം ഘട്ടത്തിലെ കമ്പനികള്‍ പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങുന്നതോടെ അയ്യായിരത്തില്പരം പേര്‍ക്ക് ജോലി ലഭിക്കും. മൂന്നു വര്‍ഷം കൊണ്ട് രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 60,000 പേര്‍ക്ക് തൊഴിലവസരമുണ്ടാകും.
ഐടി വികസനം ലക്ഷ്യമാക്കിയുള്ള രണ്ടാം ഘട്ടവും മൊബിലിറ്റി ഹബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിടുന്ന മൂന്നാംഘട്ടവുമാണ് വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക.
അതേസമയം, വിഭാനം ചെയ്ത രീതിയില്‍ നിന്ന് മാറി സ്മാര്‍ട്ട്സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാരോപിച്ച് ഉദ്ഘാടനത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് സിപിഎം വ്യക്തമാക്കി.