തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 19 മെയ് 2017 (19:49 IST)
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മെയ് മുപ്പതിനാണ് ഉദ്ഘാടനമെന്ന വാർത്തകൾ തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കെടുക്കാൻ ഒരു തിയതിക്കായുള്ള ശ്രമമാണ് നടത്തുന്നത്. അത് ലഭിച്ചതിന് ശേഷമേ ഉദ്ഘാടനം തിയതി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളു എന്നും പിണറായി കൂട്ടിച്ചേർത്തു.
മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ തെറ്റിദ്ധാരണയുടെ പുറത്താണ്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരുകയെന്നതാണ് സംസ്ഥാനം ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ക്ഷണിച്ച് ഏപ്രില്‍ 11ന് കത്തയച്ചുവെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. അടുത്തുതന്നെ ഒരു തിയതി അദ്ദേഹത്തിന്റെ ഓഫീസ്
അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെട്രോയുടെ ഉദ്ഘാടകനായി പ്രധാനമന്ത്രിയെയാണ് നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന്റെ തിരക്കുകൾ കാരണം ഇതേവരെ ഉദ്ഘാടനദിവസം തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ഈ മാസം മുപ്പതിന് കൊച്ചി മെട്രൊയുടെ ഉദ്ഘാടനം നടക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതാണ് ഉദ്ഘാടനം സംബന്ധിച്ചുള്ള വിഷയങ്ങളില്‍ വിവാദമുണ്ടാകാന്‍ കാരണമായത്.