കേരളത്തിന്റെ മഹാനഗരം കൊച്ചി, പദ്ധതികൾ നടപ്പാക്കാൻ പണമൊരു പ്രശ്നമല്ല; മഹാനഗരങ്ങളുടെ ചരിത്രത്തിലേക്ക് കേരളത്തിനെ ഉയർത്തുമെന്ന് തോമസ് ഐസക്

കൊച്ചിയെ മഹാനഗരമാക്കാൻ തോമസ് ഐസക്

കൊച്ചി| aparna shaji| Last Modified ശനി, 13 ഓഗസ്റ്റ് 2016 (14:30 IST)
കേരളത്തിന്റെ ചരിത്രത്തിൽ മഹാനഗരങ്ങളില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കൊച്ചി നഗരം മഹാനഗരമായി മാറി കൊണ്ടിരിക്കുകയാണെന്നും കൊച്ചിയെ മഹാനഗരമെന്ന പദവിയിലെക്ക് ഉയർത്താൻ പദ്ധതികൾ ആവിഷ്കാരം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെ തോമസ് ഐസക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരള ചരിത്രത്തില്‍ മഹാനഗരങ്ങളില്ല. ചെറുനഗരങ്ങളുടെ ശൃംഖലയാണ് കാണാനാവുക. നാടും നഗരവും തമ്മിലുള്ള അന്തരം ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നായിരുന്നു കേരളം . എന്നാല്‍ ഇന്ന് ഇത് മാറുകയാണ്. കൊച്ചി നഗരം കേരളത്തിന്‍റെ മഹാനഗരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു കാന്തം എന്നപോലെ നിക്ഷേപത്തെയും വിഭവങ്ങളെയും കൊച്ചി ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഈ പരിവര്‍ത്തനത്തോട് എല്ലാവരും യോജിക്കണമെന്നില്ല. പക്ഷേ അതാണ് സമകാലീന യാഥാര്‍ത്ഥ്യം.

ഈ മഹാനഗരത്തിന്‍റെ സാദ്ധ്യതകളെ എങ്ങനെ കേരളത്തിന്‍റെ വികസനത്തിനായി പ്രയോജനപ്പെടുത്താം? ഇതിന് ബജറ്റ് എങ്ങനെ സഹായകരമാണ്? ഇതായിരുന്നു എറണാകുളത്തെ സെമിനാറിന്‍റെ വിഷയം. കൊച്ചി നഗരത്തിന്‍റെ പശ്ചാത്തല സൗകര്യങ്ങളില്‍ ഒരു എടുത്തു ചാട്ടം 2016-17 ലെ ബജറ്റ് സൃഷ്ടിക്കും.

വൈറ്റിലയടക്കം ബൈപാസ് റോഡിന്‍റെ എല്ലാ ജംഗ്ഷനുകളിലും ഫ്ളൈഓവറുകള്‍, വടുതലയിലും അറ്റ്ലാന്‍റിസിലും റെയില്‍വേ മേല്‍പ്പാലങ്ങള്‍, എയര്‍പോര്‍ട്ട്- സീപോര്‍ട്ട് റോഡ് നവീകരണത്തിന്‍റെ പൂര്‍ത്തീകരണം, കൊച്ചി മെട്രോ മാത്രമല്ല പുതിയ സബര്‍ബന്‍ റെയില്‍പാതകളുടെ സാധ്യതകള്‍ ആരായല്‍, മൊബിലിറ്റി ഹബ്ബ്, ജലഗതാഗത നവീകരണം ഇവയെല്ലാം സുപ്രധാന ഗതാഗത നിര്‍ദ്ദേശങ്ങളാണ്.

കെഎസ് യു ഡി പി സ്വീവറേജ് പദ്ധതിയും ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനും 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 5000 ഏക്കര്‍ പുതിയ പാര്‍ക്കുകളുള്ള കൊച്ചി - കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് തുടക്കം ഇവിടെനിന്നാണ്. ഇന്നവേഷന്‍ സോണില്‍ 3.5 ലക്ഷം പുതിയ ചതുരശ്രയടി കെട്ടിടം സ്റ്റാര്‍ട്ട്-അപ്പുകള്‍ക്ക് വലിയ ഉത്തജേകമാകും. മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ക്യാന്‍സര്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ ഏറ്റവും ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കും. മുസിരിസ് ടൂറിസം പദ്ധതി പുനരുജ്ജീവിപ്പിക്കും.

തൃപ്പുണ്ണിത്തുറയില്‍ സാംസ്കാരിക സമുച്ചയം. മഹാരാജാസിന്‍റെ പൈതൃക സംരക്ഷണവും നവീകരണവും സ്കൂളുകളുടെ ഡിജിറ്റലൈസേഷന്‍, കൊച്ചി ബിനാലേയ്ക്ക് സ്ഥിരം വേദി എന്നിങ്ങനെ നീളുന്നു പദ്ധതി നിര്‍ദ്ദേശങ്ങള്‍. ഇവ എത്രവേഗം നടപ്പിലാക്കാനാകും എന്നതാണ് വെല്ലുവിളി. പണം ഒരു തടസ്സമാവില്ലെന്ന് ഞാന്‍ ഉറപ്പു കൊടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :