ബവ്റിജസ് ഷോപ്പുകളിൽ നേരിട്ടെത്തി പണം സ്വീകരിക്കുന്ന രീതി ബാങ്കുകൾ അവസാനിപ്പിക്കുന്നു

ബവ്റിജസ് കോർപറേഷൻ മദ്യവിൽപന ശാലകളിലെത്തി പണം നിക്ഷേപമായി സ്വീകരിക്കുന്നതിൽ നിന്നു ബാങ്കുകൾ പിൻമാറുന്നു.

കൊച്ചി, ബവ്റിജസ്, ബാങ്ക് kochi, bevco, bank
കൊച്ചി| സജിത്ത്| Last Updated: വെള്ളി, 8 ഏപ്രില്‍ 2016 (08:15 IST)
ദിനംപ്രതി ശരാശരി ഇരുപത്തിയഞ്ചു കോടിയോളം രൂപ വിറ്റുവരവുള്ള ബവ്റിജസ് കോർപറേഷൻ മദ്യവിൽപന ശാലകളിലെത്തി പണം നിക്ഷേപമായി സ്വീകരിക്കുന്നതിൽ നിന്നു ബാങ്കുകൾ പിൻമാറുന്നു. ജീവനക്കാരുടെ ക്ഷാമവും സുരക്ഷാ പ്രശ്നവും മൂലം ബവ്കോ ഷോപ്പുകളിൽനിന്ന് ഔട്സോഴ്സിങ് വഴി തുക സ്വീകരിച്ചിരുന്ന രീതിയാണ് ഇതിലെ ബുദ്ധിമുട്ടും നഷ്ടവും ചൂണ്ടിക്കാട്ടി ബാങ്കുകൾ അവസാനിപ്പിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിൽ നിക്ഷേപം സ്വീകരിച്ചിരുന്നത് ധനലക്ഷ്മി ബാങ്കായിരുന്നു. ഈ ബാങ്ക് പിൻമാറിയതിനെത്തുടർന്ന് ഇന്നലെ മുതൽ തുക ബാങ്കിലടയ്ക്കേണ്ട ചുമതലയും ബവ്കോ ജീവനക്കാരുടെ തലയിലായി. മറ്റു ജില്ലകളിൽ നിക്ഷേപം സ്വീകരിച്ചിരുന്ന ഫെഡറൽ ബാങ്ക് പിൻമാറാനുള്ള സന്നദ്ധത അറിയിച്ചു കത്തു നൽകിയതായി ബവ്റിജസ് കോർപറേഷൻ എം ഡി എച്ച് വെങ്കിടേഷ് അറിയിച്ചു.

കേരളത്തില്‍ ഓരോ ബവ്റിജസ് ഷോപ്പിലും ലക്ഷങ്ങളുടെ വിറ്റുവരവാണു ദിനംപ്രതിയുള്ളത്. ഏതാനും ബവ്കോ ഷോപ്പുകളും ബാറുകളും പൂട്ടിയതോടെ ചിലയിടത്തു ദിവസം 20 ലക്ഷം രൂപയുടെ വരെ വിൽപനയാണ് നടക്കുന്നത്. ഈ തുക സ്വീകരിക്കുന്നതിനുള്ള ചുമതല ബാങ്കുകൾ ഔട്സോഴ്സിങ് വഴി സ്വകാര്യ ഏജൻസികളെ ഏൽപിക്കുകയും സുരക്ഷാ ക്രമീകരണങ്ങളുമായെത്തി ഏജൻസി ജീവനക്കാർ ഷോപ്പുകളിൽനിന്നു തുക സ്വീകരിക്കുകയുമായിരുന്നു ഇതുവരേയും നടന്നുപോയിരുന്നത്. ഏജൻസിക്കുള്ള കമ്മിഷനുകള്‍ നൽകിയിരുന്നത് ബാങ്കുകളായിരുന്നു. ഈ നഷ്ടം സഹിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ബാങ്കുകൾ ഇതില്‍ നിന്ന് പിന്മാറുന്നത്.

ഈ സാഹചര്യത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ജീവനക്കാർ തന്നെ തുക ബാങ്കിലടയ്ക്കണമെന്ന നിർദേശം നൽകി ബവ്കോ എം ഡി സർക്കുലർ പുറത്തിറക്കി. ഷോപ് ഇൻചാർജ് അല്ലെങ്കിൽ അസി ഇൻചാർജ് അതുമല്ലെങ്കിൽ എൽ ഡി ക്ലാർക്കിന്റെ നേതൃത്വത്തിൽ മൂന്നു ജീവനക്കാർ എല്ലാ ദിവസവും ബാങ്കിലെത്തി തുകയടയ്ക്കണമെന്നാണു പുതിയ സർക്കുലർ വ്യക്തമാക്കുന്നത്. ആവശ്യമെങ്കിൽ ഇതിനായി വാഹനം വാടകയ്ക്കെടുക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാൽ, പണം കൊണ്ടുപോകുന്നതിലുള്ള സുരക്ഷാ പ്രശ്നങ്ങളും ബവ്കോ ഷോപ്പുകളിലെ ജീവനക്കാരുടെ ക്ഷാമവുമാണ് ജീവനക്കാരെ ആശങ്കയിലാക്കുന്നത്.

അതേസമയം, ഇതൊരു താൽക്കാലിക സംവിധാനമാണെന്നും അസം തെരഞ്ഞെടുപ്പു നിരീക്ഷകന്റെ ചുമതല കഴിഞ്ഞശേഷം താൻ തിരിച്ചെത്തിയാൽ ബോർഡ് യോഗം വിളിച്ചുകൂട്ടുകയും ഇതിനു പകരമൊരു സംവിധാനമുണ്ടാക്കുകയും ചെയ്യുമെന്ന് എം ഡി പറഞ്ഞു. ഷോപ്പിൽ നേരിട്ടെത്തി പണം സ്വീകരിക്കാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട് മറ്റു ബാങ്കുകൾക്കു കത്തെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :