പാല|
Last Modified ചൊവ്വ, 9 ഏപ്രില്‍ 2019 (18:23 IST)
പാലായുടെ രാഷ്‌ട്രീയ ഭൂപടത്തില്‍ നിന്ന് കേരള രാഷ്‌ട്രീയത്തിന് അവഗണിക്കാനാകാത്ത നേതാവായി തീര്‍ന്ന വ്യക്തിയാണ് ‘മാണി സാർ’ എന്ന് സ്‌നേഹപൂർവം പാലാക്കാർ വിളിച്ച കെ എം മാണി.
ഒരു മണ്ഡലം രൂപീകരിച്ച നാള്‍ മുതല്‍ അവിടെ തുടര്‍ച്ചയായി മത്സരിച്ച് വിജയിക്കുകയെന്ന അസൂയാവഹമായ നേട്ടമാണ് മാണിയുടെ പേരിലുള്ളത്. എതിരാളികള്‍ മാറിമാറി വന്നിട്ടും മറ്റാരേയും പാലാക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നതിന്റെ ഉത്തമ ഉദ്ദാഹരണമായിരുന്നു ഇത്.
കേരള രാഷ്‌ട്രീയം മാറിമറിഞ്ഞപ്പോഴും പാലായുടെ മനസ് മാണിക്കൊപ്പം അടിയുറച്ച് നിന്നു. അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ വളര്‍ച്ച മാത്രമാണ് മാണി നയിച്ച കേരള കോണ്‍ഗ്രസിന് (എം) അവകാശപ്പെടനുള്ളത്. പിന്നീട് പിളര്‍പ്പും കൊഴിഞ്ഞു പോക്കലും പാര്‍ട്ടിയിലും പുറത്തും സംഭവിച്ചപ്പോഴും ഭരണത്തിലും മുന്നണിയിലും മാറ്റമുണ്ടായപ്പോഴും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായി പാര്‍ട്ടിയെ നിര്‍ണായക ശക്തിയാക്കാന്‍ മാണിക്ക് കഴിഞ്ഞു.
മാണിയുടെ രാഷ്‌ട്രീയ മിടുക്കില്‍ മധ്യകേരളത്തില്‍ പാര്‍ട്ടി വളര്‍ന്നു. പാലായെന്ന മണ്ഡലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അതിശയിപ്പിക്കുന്നതായിരുന്നു. ഇതിനൊപ്പം കേരള മന്ത്രിസഭയില്‍ ശക്തമായ സ്വാധീനമായി മാണിയുണ്ടായിരുന്നു. ആഭ്യന്തരം, റവന്യൂ, ധനകാര്യം, നിയമം, ജലവിഭവം, വൈദ്യുതി, തുറമുഖം, നഗര വികസനം, ഭവനനിർമ്മാണം, ഇൻഫർമേഷൻ എന്നീ വകുപ്പുകൾ പല തവണ അദ്ദേഹം കൈകാര്യം ചെയ്തു.
മികച്ച രാഷ്‌ട്രീയക്കാരന്‍ എന്ന പേരെടുത്ത മാണിക്കൊപ്പം അടിയുറച്ചു നില്‍ക്കാന്‍ ആഗ്രഹിച്ചവരാണ് പിരിഞ്ഞു പോയവര്‍ പോലും. തെറ്റിപ്പിരിഞ്ഞവരെ പോലും ഒപ്പം നിര്‍ത്താനും പാളയത്തിലെത്തിക്കാനും പിന്നീട് അദ്ദേഹത്തിന് സാധിച്ചു. കേരള കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ത്രിശങ്കുവില്‍ നിര്‍ത്തിയ ബാര്‍കോഴ ആരോപണം ശക്തമായപ്പോള്‍ കോണ്‍ഗ്രസിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് അകന്നു നിന്നുവെങ്കിലും പിന്നീട് യു ഡി എഫിലേക്ക് മടങ്ങിയെത്താനും മാണിക്ക് കഴിഞ്ഞു.
1975 ല്‍ പാലായ്‌ക്ക് ആദ്യമായി മന്ത്രിയെ സമ്മാനിച്ചുകൊണ്ട് മന്ത്രി പദത്തിലെത്തിയ കെ എം മാണി പിന്നീട്
ആവര്‍ത്തിച്ച് പറഞ്ഞ വാക്കുകളാണ് കുട്ടിയമ്മ ഒന്നാം ഭാര്യയാണെങ്കില്‍ പാലാ രണ്ടാം ഭാര്യയാണെന്നത്. ഒടുവില്‍ ഒരു സംസ്ഥാന പാർട്ടിയെ ഒറ്റയ്‌ക്ക് 55 വർഷം നയിച്ചതിന്റെ സന്തോഷം ഉള്ളിലൊതുക്കി പാലായുടെ എംഎല്‍എയായി തന്നെ അദ്ദേഹം യാത്രയായി.