ബിജെപിക്ക് ഇരട്ടപ്രഹരം; മാണി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തില്ല

 കെഎം മാണി , കേരള കോണ്‍ഗ്രസ് എം , കുമ്മനം രാജശേഖരന്‍ , കെ ബാബു
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 31 ജനുവരി 2016 (15:13 IST)
ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി കെഎം മാണി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു കേരള കോണ്‍ഗ്രസ് എം അറിയിച്ചു. കുമ്മനം രാജശേഖരന്റെ വിമോചനയാത്രയുമായി ബന്ധപ്പെട്ടു ഫെബ്രുവരി നാലിനു കോട്ടയത്തെത്തുന്ന അമിത്ഷാ, കെഎം മാണിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ആ വാര്‍ത്തയെ തള്ളി കേരള കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.

മാണിക്ക് മന്ത്രിസ്ഥാനത്തേക്കു മടങ്ങിയെത്താമെന്ന യുഡിഎഫ് തീരുമാനത്തെത്തുടര്‍ന്നാണു കേരള കോണ്‍ഗ്രസ് ബദല്‍ നീക്കങ്ങളില്‍നിന്നു പിന്നോട്ട് പോയതെന്നാണ് കരുതുന്നത്. കെ ബാബുവിനെ മന്ത്രിസ്ഥനത്തേക്ക് യുഡിഎഫ് ക്ഷണിച്ചതിന് പിന്നാലെയാണ് മാണിയേയും ക്ഷണിച്ചത്.

കേരള കോണ്‍ഗ്രസ് എമ്മുമായി കൂട്ട് കൂടാന്‍ ആഗ്രഹിച്ചിരുന്ന ബിജെപി മാണി അമിത്ഷാ കൂടിക്കാഴ്‌ചയ്‌ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു. കോട്ടയത്ത് കൂടിക്കാഴ്‌ച്ച ഒരുക്കിയത് കേരള കോണ്‍ഗ്രസ് എമ്മിന് വേരോട്ടം കൂടുതലുള്ള സ്ഥലമെന്ന പരിഗണനയും കണക്കിലെടുത്തായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മാണിയുമായി ബിജെപി സഖ്യത്തിലെത്താനോ വിട്ടു വീഴ്‌ച നടത്താനോ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ബാര്‍ കോഴക്കേസില്‍ ബാബുവിനും മാണിക്കും ഇരട്ട നീതിയെന്ന ആരോപണം കേരള കോണ്‍ഗ്രസ് എമ്മില്‍ ശക്തമായിരിക്കെ ഈ വാര്‍ത്തയ്‌ക്ക് വളരെ പ്രാധാന്യം ഉണ്ടായിരുന്നു. എന്നാല്‍, അമിത്ഷായുമായി മാണി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു കേരള കോണ്‍ഗ്രസ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ബിജെപിയുടെ മോഹങ്ങള്‍ക്കാണ് തിരിച്ചടിയായത്.

യുഡിഎഫ് അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും എന്നാല്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമില്ലെന്നുമാണ്
മാണി ശനിയാഴ്‌ച വ്യക്തമാക്കിയത്. മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നതിന് ധൃതിയോ ആഗ്രഹമോ ഇല്ല. പാര്‍ട്ടിയില്‍ ആലോചിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :