ചുംബനസമരത്തെ ചൊല്ലി കെ‌എസ്‌യുവില്‍ തര്‍ക്കം

ചുബനസമരം, കെ‌എസ്‌യു, എറണാകുളം
കൊച്ചി| VISHNU.NL| Last Updated: ശനി, 1 നവം‌ബര്‍ 2014 (15:59 IST)
ചുംബന സമരത്തെ എതിര്‍ത്ത രംഗത്ത് വന്ന കെ‌എസ്‌യു എറണാകുളം ജില്ലാ കമ്മറ്റിക്ക് സംസ്ഥാന കമ്മറ്റിയുടെ മുന്നറിയിപ്പ്. സമരത്തെ എറണാകുളം ജില്ലാകമ്മറ്റി തടസപ്പെടുത്തിയാല്‍ അവര്‍ക്ക് കെ‌എസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അവസ്ഥ വരുമെന്നു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയി മുന്നറിയിപ്പ് നല്‍കി. സംസ്ഥാന കമ്മിറ്റിയുടെ ജാഥയുമായി സഹകരിക്കാത്തതിന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അടുത്തിടെ പിരിച്ചുവിട്ടിരുന്നു.

ചുംബന സമരം തടസപ്പെടുത്തിയാല്‍ ജില്ലാകമ്മറ്റി പിരിച്ചുവിടുമെന്നാണ് സംസ്ഥാന പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയത്. ചുംബനസമരരീതിയോടു യോജിപ്പില്ല, എന്നാല്‍ സമരം ചെയ്യാനുള്ള ആരുടെയും അവകാശത്തെ നിഷേധിക്കരുതെന്നാണ് കെ‌എസ്‌യുവിന്റെ നിലപാടെന്നാണ് ജോയി പറഞ്ഞത്. ഒരു സ്വകാര്യ ചാനലിനോടാണ് ജോയി കെ‌എസ്‌യുവിന്റെ നിലപാട് വ്യക്തമാക്കിയത്.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിസ് ഓഫ് ലവിനെതിരെ ഗാന്ധിസ്ക്വയറില്‍ വായ്മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിന് ഐ ഗ്രൂപ്പ് പ്രവര്‍ത്തകരാണു നേതൃത്വം കൊടുക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ മുന്നറിയിപ്പ് വന്ന സ്ഥിതിയ്ക്ക് നാളെ ഏതു രീതിയില്‍ പ്രതിഷേധിക്കണമെന്നു ചര്‍ച്ച ചെയ്യാന്‍ കെഎസ്യു ബ്ളോക്ക് പ്രസിഡന്റുമാരുടെ യോഗം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അല്‍പസമയത്തിനകം ചേരും.

ഡിവൈഎഫ്ഐയും എസ്എഫ്ഐയും കെ‌എസ്‌യു സംസ്ഥാന കമ്മിറ്റിയും കിസ് ഓഫ് ലവിനെ എതിര്‍ക്കുന്നില്ലെന്നിരിക്കെയാണ് കെ‌എസ്‌യുവിന്റെ ജില്ലാ കമ്മിറ്റിയുടെ വേറിട്ട നിലപാട്. എബിവിപിയും എതിര്‍പ്പിന്റെ വഴിയിലാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :