രേണുക വേണു|
Last Modified ശനി, 2 ഒക്‌ടോബര്‍ 2021 (08:30 IST)
മയിലുകളെ വല ഉപയോഗിച്ച് പിടികൂടി കൊന്ന കേസില്‍ തൃശൂര്‍ അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ അറസ്റ്റില്‍. തൃശൂര്‍ രാമവര്‍മ്മപുരം വിയ്യാനിഭവന്‍ ഡയറക്ടര്‍ ഫാ. ദേവസി പന്തല്ലൂക്കാരനാണ് (65) ആണ് അറസ്റ്റിലായത്. രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ച് കൊലപ്പെടുത്തുകയും ഇവയുടെ ജഡം കൈവശം സൂക്ഷിക്കുകയും ചെയ്തുവെന്നാണ് കേസ്.
മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടപടികള്‍ ഉണ്ടായത്. വിയ്യൂര്‍ പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള വിയ്യാനി ഭവനില്‍ വെച്ചാണ് വൈദികന്‍ മയിലുകളെ അടിച്ച് കൊന്നതെന്ന് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്‍ പറഞ്ഞു. മയിലുകളുടെ ജഡം സമീപത്തെ ഷെഡ്ഡില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ജീവിയാണ് മയിലുകള്‍. മയിലുകളെ കൊല്ലുന്നത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
അതേസമയം, മയിലുകള്‍ കടക്കാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന വലയില്‍ കുടുങ്ങിയാണ് മയിലുകള്‍ മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.