കോട്ടയം|
Rijisha M.|
Last Modified വെള്ളി, 1 ജൂണ്‍ 2018 (14:44 IST)
കെവിൻ വധക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി എഎസ്ഐ ബിജുവിന്റെ അഭിഭാഷകൻ. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി എം മുഹമ്മദ് റഫീഖ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്‌നയുടെ അടുത്ത ബന്ധുവാണെന്നാണ് അഭിഭാഷകൻ കോടതിയിൽ വെളിപ്പെടുത്തിയത്.
കെവിനെ തട്ടിക്കൊണ്ടുപോകാൻ സഹായിച്ചെന്ന പേരിലാണ് എസ് ഐ ബിജുവിനെയും ഡ്രൈവർ അജയകുമാറിനെയും പൊലീസ് അറസ്‌റ്റുചെയ്‌തത്. കെവിൻ മരിച്ച സമയത്ത് കോട്ടയം എസ് പി മുഹമ്മദ് റഫീഖ് ആയിരുന്നു. അതുകൊണ്ടുതന്നെ എസ്‌പിക്ക് കേസിൽ നേരിട്ട് ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും തങ്ങളെ കുടുക്കുകയുമായിരുന്നെന്നാണ് ബിജുവിന്റെ പരാതി. കേസന്വേഷണത്തിൽ നേരിട്ടു നിർദ്ദേശം നൽകിയ മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം മുൻ എസ്പിക്കെതിരെ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് മേയ് 28ന് കെവിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മുഹമ്മദ് റഫീഖിനെ ജില്ലാ പൊലീസ് മേധാവിസ്ഥാനത്തുനിന്നു നീക്കിയിരുന്നു. പിന്നാലെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.
എന്നാൽ അതേസമയം, ആരോപണങ്ങൾ നിരസിച്ച് മുഹമ്മദ് റഫീഖ് രംഗത്തുവന്നു. തനിക്ക് കോട്ടയം ജില്ലയിൽ ബന്ധുക്കൾ ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.