'അവനെ ഞാൻ കൊല്ലാം, ഡോണ്ട് വറി'; കെവിന്‍ വധക്കേസിൽ വാട്‌സ് ആപ്പ് സന്ദേശം ഉള്‍പ്പെടെ കൂടുതല്‍ തെളിവുകൾ സമർപ്പിച്ച് പ്രോസിക്യൂഷന്‍

കേസിലെ ഒന്നാം പ്രതി സാനു ചാക്കോ കെവിനെ കൊല്ലാം എന്ന് പറഞ്ഞ് പിതാവ് ജോണിന് അയച്ച വാട്‌സ് ആപ്പ്‌ സന്ദേശങ്ങളാണ് കോടതിയില്‍ ഹാജരാക്കിയത്.

Last Modified ശനി, 4 മെയ് 2019 (11:20 IST)
കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന സാക്ഷി വെളിപ്പെടുത്തലുകൾ പുറത്തു വന്നതിനു പിന്നാലെ സാക്ഷി വിസ്താരത്തിന് ഇടയില്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍. കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതി സാനു ചാക്കോ കെവിനെ കൊല്ലാം എന്ന് പറഞ്ഞ് പിതാവ് ജോണിന് അയച്ച വാട്‌സ് ആപ്പ്‌ സന്ദേശങ്ങളാണ് കോടതിയില്‍ ഹാജരാക്കിയത്. ‘അവനെ കൊല്ലാം, ഞാന്‍ ചെയ്‌തോളാം, ഡോണ്ട് വറി’ എന്ന് പറഞ്ഞ് സാനു ചാക്കോ പിതാവിന് അയച്ച വാട്‌സ് ആപ്പ്‌ സന്ദേശം താന്‍ കണ്ടതായി കണ്ണൂര്‍ ഇരട്ടി സ്വദേശി സന്തോഷ് കോടതിയില്‍ മൊഴി നല്‍കി.

സാനു ചാക്കോ ഒളിവില്‍ കഴിഞ്ഞത് സന്തോഷിന്റെ അയല്‍വാസിയായ സോയി വര്‍ക്കിയുടെ വീട്ടിലായിരുന്നു കെവിനെ വധിച്ചതിന് ശേഷം. ഇവിടെ നിന്നാണ് സാനു പൊലീസ് കസ്റ്റഡിയിലാവുന്നത്. സാനുവിനെ അറസ്റ്റ് ചെയ്യുന്ന സമയം കണ്ടെടുത്ത സാനുവിന്റെ ഫോണില്‍ ഈ സന്ദേശം ഉണ്ടായിരുന്നതായും പൊലീസ് ഇത് കാണിച്ചതായും സന്തോഷ് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

സാനു ചാക്കോയേയും, പൊലീസ് അന്ന് കണ്ടെടുത്ത തൊണ്ടി മുതലുകളും സന്തോഷ് തിരിച്ചറിഞ്ഞു.
മൊബൈലിനൊപ്പം രണ്ട് പേഴ്‌സുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. ഇവ അയല്‍വാസിയായ സന്തോഷിനെ കാണിച്ച് ബോധ്യപ്പെടുത്തി പൊലീസ് ഇയാളെ മഹസറില്‍ സാക്ഷിയാക്കിയിരുന്നു. സന്തോഷിനെ കൂടാതെ, കെവിന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ 4 പ്രതികള്‍ കുമളിയില്‍ താമസിച്ച ഹോം സ്‌റ്റേയുടെ നടത്തിപ്പുകാരനേയും വിസ്തരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :